മമ്ബറം: കീഴല്ലൂര്‍ ഡാമിനോട് ചേര്‍ന്ന് ഇരുവശങ്ങളിലുള്ള പാര്‍ശ്വഭിത്തികള്‍ ഇടിഞ്ഞു താഴുന്നത് കുടിവെള്ള വിതരണത്തിന് കടുത്ത ഭീഷണിയാകുന്നു.
പൂര്‍ണമായും കരിങ്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഭിത്തികളുടെ തകര്‍ച്ച സമീപത്തെ മാവിലകൊവ്വല്‍ പുഴയോര റോഡിനും ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഭിത്തികളുടെ തകര്‍ച്ച കൂടുതലാവുകയാണ്. കാലക്രമേണ ഡാമിന്റെ കെട്ടുറപ്പിനെ പോലും ബാധിക്കുന്ന തരത്തിലാണ് പാര്‍ശ്വഭിത്തികള്‍ തകരുന്നത്.
തലശ്ശേരി -മാഹി ഭാഗങ്ങളിലേക്ക് ശുദ്ധജല വിതരണം നടത്തുന്നത് കീഴല്ലൂര്‍ ഡാമില്‍ നിന്നുമാണ്. ഈ ഡാമിന്റെ പ്രധാന ഭാഗങ്ങളിലാണ് കരിങ്കല്‍ ഭിത്തികള്‍ ഇടിഞ്ഞു വീഴുന്നത്. ഡാമിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഭിത്തിയുടെ തകര്‍ച്ച കാണുന്നുണ്ടെങ്കിലും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികളൊന്നും തന്നെ ചെയ്യുന്നില്ല. ഡാമിനോട് ചേര്‍ന്നുള്ള പുഴയിലേക്ക് ഇറങ്ങുന്ന കല്ലുക്കെട്ടുകള്‍ ഇടിഞ്ഞ് വീണ നിലയിലാണുള്ളത്. ഭിത്തികളുടെ തകര്‍ച്ച കൂടുംതോറും റോഡിന്റെ സുരക്ഷയ്ക്കും ഏറെ ഭീഷണിയാവും. പുഴയോട് ചേര്‍ന്ന റോഡായതിനാല്‍ കരയിടിച്ചില്‍ വേഗത്തിലാവുന്നതിനുള്ള സാദ്ധ്യതയും ഏറെ. ഡാമിന്റെ ഇരുവശങ്ങളിലുമുള്ള ഭിത്തികളുടെ തകര്‍ന്ന കരിങ്കല്ലുകള്‍ പുഴയില്‍ ഉയര്‍ന്ന നിലയിലാണുള്ളത്. ഭിത്തിയുടെ സംരക്ഷണം വേഗത്തില്‍ നടത്തണമെന്നും ഡാമിന്റെയും റോഡിന്റെയും അപകടഭീഷണി അകറ്റണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.