ന്യൂഡല്‍ഹി: ദാരുണവും ഹൃദയഭേദകവുമായ കുറ്റകൃത്യങ്ങളുടെയോ അപകടങ്ങളുടെയോ ചിത്രം പ്രേക്ഷകരെ കാണിക്കുന്നത് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
ക്രിക്കറ്റ് താരം ഋഷഭ് പന്ത് നേരിട്ട റോഡപകടം അടക്കമുള്ള സംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജാഗ്രതാനിര്‍ദേശം.
രക്തത്തില്‍ കുളിച്ച മൃതദേഹങ്ങളുടെയോ പരിക്കേറ്റവരുടെയോ വിഡിയോ ദൃശ്യങ്ങള്‍, നിര്‍ദയം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍, കൂട്ടനിലവിളി, അധ്യാപകന്‍ വിദ്യാര്‍ഥിയെ കഠിനമായി ശിക്ഷിക്കുന്ന രംഗങ്ങള്‍ തുടങ്ങിയവയൊക്കെ മിനിറ്റുകളോളം കാണിക്കുന്നു. പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇത്തരം രംഗങ്ങള്‍ പ്രത്യേക വട്ടത്തിനുള്ളിലാക്കിക്കാണിക്കുന്നു.
ദൃശ്യങ്ങള്‍ അവ്യക്തമാക്കാനോ ദൂരെ നിന്നെടുത്ത ചിത്രങ്ങള്‍ കാണിക്കാനോ ശ്രദ്ധിക്കുന്നില്ല. സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ ഒരു മര്യാദയുമില്ലാതെ അതേപടി പകര്‍ത്തി സംപ്രേഷണം ചെയ്യുന്നു. ഇത് കടുത്ത മനോവ്യഥക്ക് ഇടയാക്കുന്ന കാര്യങ്ങളാണ്. പ്രക്ഷേപണ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. അതുകൊണ്ട് കുറ്റകൃത്യങ്ങള്‍, അപകടം, അക്രമം തുടങ്ങിയവയുടെ റിപ്പോര്‍ട്ടിങ്ങില്‍ ജാഗ്രത കാണിക്കണം -വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഓര്‍മിപ്പിച്ചു.