കെ ജെ യേശുദാസിന് ഒരു പിറന്നാള്‍ കൂടി കടന്നു പോകുമ്ബോള്‍ ആ സ്വരധാരയില്‍ അലിയാത്ത ഒരു ദിവസം പോലുമില്ല നമ്മുടെയൊന്നും ജീവിതത്തില്‍…ഒരു കാലം കണ്മുന്നിലൂടെ അങ്ങനെ പാടിപ്പോകുകയാണ്..അവര്‍ക്ക് ബാല്യവും കൗമാരവും യൗവനവും വാര്‍ദ്ധക്യവും ഉണ്ടാകുമ്ബോഴും ആ സ്വരത്തിന് മാത്രം അങ്ങനെയൊന്നില്ല. കാലത്തിന്റെ ജരാനരകള്‍ പോലും കാല്‍തൊട്ടു വന്ദിക്കുന്ന ആ അനശ്വര നാദധാരയാണ് യേശുദാസ്.എഴുപതുകളില്‍ അയാള്‍ ‘മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന് മണ്ണു പങ്കു വച്ചു’ എന്ന് എന്ന് ആലപിച്ചപ്പോള്‍ മുഖം കൊടുത്തവരും മുഖം തിരിച്ചവരും ഏറെയായിരുന്നു. എണ്‍പതുകളില്‍ അയാള്‍ ‘നീയെന്തേ വൈകി വന്നു പൂന്തിങ്കളേ… ‘ എന്നു പാടിയപ്പോള്‍ വീണ്ടും നമ്മുടെ പ്രണയ കാമനകളെ തൊട്ടുണര്‍ത്തി.അന്ന് ജീവിച്ചിരിക്കുന്ന തലമുറയും ആ സ്വരത്തെ ജീവിതത്തിന്റെ ഋതു ഭേദങ്ങളോട് ചേര്‍ത്തു നിര്‍ത്തും. എന്നുമെന്നും കാലാതീതമായി ജനമനസ്സുകളില്‍ ഇടംപിടിക്കുന്ന കാവ്യസൃഷ്ടിപോലെ…