രാജ്യത്ത് അരി കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവില്‍, ക്ഷേമ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അരിയുടെ ശേഖരം പര്യാപ്തമാണ്.
അരിയുടെ ആഭ്യന്തര വിലയിലെ സ്ഥിരത കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക. മണ്‍സൂണ്‍ വിളവെടുപ്പിനെ തുടര്‍ന്ന് ആഭ്യന്തര വിതരണം വര്‍ദ്ധിച്ചിട്ടുണ്ട്. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നതാണ്.
ആഗോള വിപണിയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് അരിയുടെ വ്യാപാരം നടക്കുന്നത്. എന്നാല്‍, ഇന്ത്യ അരി കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതോടെ, ഏഷ്യയിലെ അരിയുടെ അടിസ്ഥാന വിലകള്‍ താഴും. ആഗോള അരി വ്യാപാരത്തിന്റെ 40 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്.
2022 സെപ്തംബര്‍ മുതല്‍ വെള്ള അരി, തവിട്ട് അരി എന്നിവ കയറ്റുമതി ചെയ്യുന്നതിന് 20 ശതമാനത്തോളം തീരുവ ചുമത്തിയിരുന്നു. ഇതിനുപുറമേ, നുറുക്ക് അരി കയറ്റുമതി ചെയ്യുന്നതിന് പൂര്‍ണമായ നിരോധനമാണ് ഏര്‍പ്പെടുത്തിയത്.