ന്യൂഡല്‍ഹി: ബഫര്‍സോണുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിം കോടതി വിധിയില്‍ കേന്ദ്രം വ്യക്തത തേടി കേന്ദ്രസര്‍ക്കാര്‍ നല്കിയ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി സുപ്രീം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പരിഷ്കരിച്ച്, ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളവും അപേക്ഷ നല്‍കിയിട്ടുണ്ട്. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥലലഭ്യത കുറവായതിനാല്‍ പരിസ്ഥിതിലോലമേഖല (ബഫര്‍ സോണ്‍) എന്ന പേരില്‍ കേരളത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കി. വയനാട്, ഇടുക്കി കുമളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്കിടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജനവാസ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇളവ് നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ബഫര്‍ സോണില്‍ സ്ഥിര നിര്‍മാണങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന വിധി നടപ്പാക്കാന്‍ പ്രയാസമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.