ദോഹ: ലയണല്‍ മെസ്സിയും നെയ്മറും കിലിയന്‍ എംബാപ്പെയും ഉള്‍പ്പെടെ ലോകഫുട്ബാളിലെ വമ്ബന്‍ താരങ്ങള്‍ അണിനിരക്കുന്ന പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പി.എസ്.ജി) ടീം ഈ മാസം 18ന് ദോഹയിലെ ഖലീഫ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങുമ്ബോള്‍ സാക്ഷികളാവാന്‍ ആരാധകര്‍ക്ക് അവസരം.
വൈകീട്ട് 6.30ന് പരിശീലനത്തിനിറങ്ങുന്ന ടീമിന്റെ പ്രാക്ടിസിനായി നാലുമണി മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.
20 ഖത്തര്‍ റിയാലാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. മൊത്തം 15,000 ടിക്കറ്റുകളാണ് ഞായറാഴ്ച വില്‍പനക്കുണ്ടായിരുന്നത്. ഇതിലേറെയും മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നു. ക്യൂ-ടിക്കറ്റ്സ് വഴിയായിരുന്നു വില്‍പന. പി.എസ്.ജിയുടെ പരിശീലന വേളയില്‍ ഖത്തറിലെ തങ്ങളുടെ ആരാധകര്‍ക്ക് ഒരിക്കല്‍കൂടി താരങ്ങളെ നേരിട്ടു കാണാന്‍ സൗകര്യമൊരുക്കുന്നതില്‍ ക്ലബിന് ഏറെ ആഹ്ലാദമുണ്ടെന്ന് പി.എസ്.ജി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഖത്തറില്‍നിന്ന് ജനുവരി 19ന് ടീം സൗദി അറേബ്യയിലേക്ക് പോകും. 19ന് റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ സൗദി ക്ലബുകളായ അല്‍ ഹിലാലിലെയും അല്‍ നസ്ര്‍ ലെയും താരങ്ങള്‍ അണിനിരക്കുന്ന ഓള്‍ സ്റ്റാര്‍ ഇലവനുമായി പി.എസ്.ജി സൗഹൃദ മത്സരം കളിക്കും. മെസ്സിയും നെയ്മറും എംബാപ്പെയുമുള്ള ടീമിനെതിരെ അല്‍ നസ്ര്‍ താരമായ പോര്‍ചുഗലിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങുമെന്നതിനാല്‍ ലോകശ്രദ്ധയാകര്‍ഷിച്ച മത്സരത്തിന് സൗദിയില്‍ മണിക്കൂറുകള്‍ക്കകമാണ് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത്. ഈ മത്സരം ബീന്‍ സ്പോര്‍ട്സ് നെറ്റ്‍വര്‍ക്കും പി.എസ്.ജി ടിവിയും പി.എസ്.ജി സോഷ്യല്‍ മീഡിയയും തത്സമയം സംപ്രേഷണം ചെയ്യും. മത്സരത്തിനുപിന്നാലെ റിയാദില്‍നിന്ന് മെസ്സിയും സംഘവും പാരിസിലേക്ക് തിരിച്ചുപറക്കും.
ഖത്തറിലെ ഹ്രസ്വ സന്ദര്‍ശനത്തിനിടയില്‍ രാജ്യത്തെ സ്പോണ്‍സര്‍മാരുടെ പരിപാടികളിലും പി.എസ്.ജി ടീം സാന്നിധ്യമറിയിക്കും. ഖത്തര്‍ എയര്‍വേസ്, എ.എല്‍.എല്‍, ഖത്തര്‍ ടൂറിസം, ഖത്തര്‍ നാഷനല്‍ ബാങ്ക്, ഉരീദു, ആസ്‍പെറ്റാര്‍ തുടങ്ങിയവയാണ് പി.എസ്.ജിയുടെ ഖത്തറിലെ സ്പോണ്‍സര്‍മാര്‍. 2022 ലോകകപ്പിന്റെ തകര്‍പ്പന്‍ സംഘാടനത്തിനു പിന്നാലെ, പി.എസ്.ജി സന്ദര്‍ശനത്തിനെത്തുന്നതോടെ ലോക ഫുട്ബാളിന്റെ ശ്രദ്ധ ഒരിക്കല്‍കൂടി ഖത്തറിലേക്ക് തിരിയും. കരിയറില്‍ ഏറെ ആശിച്ച വിശ്വകിരീടത്തിലേക്ക് തകര്‍പ്പന്‍ ഫോമില്‍ കയറിയെത്തിയ മണ്ണിലെത്തുന്നത് ലോക ഫുട്ബാളിലെ മിന്നുംതാരമായ മെസ്സിയെ സംബന്ധിച്ച് ഏറെ വിശിഷ്ടമായ തിരിച്ചുവരവാകും.