ടെലിക്കോം കമ്ബനികള്‍ 5ജി സര്‍വീസുകള്‍ ആരംഭിച്ചതോടെ രാജ്യത്ത് 5ജി സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 20000 രൂപയില്‍ താഴെ വിലയില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു സൂപ്പര്‍ താരത്തെ ഇറക്കിയിരിക്കുകയാണ് ഓപ്പോ(Oppo). മികച്ച ക്യാമറ ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുന്ന ഓപ്പോ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഏറെ ആരാധകരുണ്ട്. ഈ ആരാധകരെ മാത്രമല്ല, കുറഞ്ഞ വിലയില്‍ നല്ലൊരു 5ജി ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയും തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പുതിയ ഓപ്പോ എ78 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. 18,999 രൂപ വിലയില്‍ ആണ് ഈ 5ജി സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.
എന്നാല്‍ വില്‍പ്പന ആരംഭിക്കുന്ന സമയത്തെ ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ കുറഞ്ഞത് ആയിരം രൂപയുടെ വിലക്കുറവെങ്കിലും നേടാനാകും. ലോഞ്ച് ചെയ്തെങ്കിലും ജനുവരി 18-ന് ആണ് ഇന്ത്യയില്‍ ഓപ്പോ എ78 5ജി സ്മാര്‍ട്ട്ഫോണിന്റെ വില്‍പ്പന ആരംഭിക്കുക.8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ഓപ്പോ എ78 5ജിയുടെ വില 18,999 രൂപയാണ്.ഓപ്പോ എ78 5ജിയില്‍ ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് നല്‍കിയിരിക്കുന്നത്. 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും f/1.8 അപ്പേര്‍ച്ചറും 2 മെഗാപിക്സല്‍ ഡെപ്ത് ക്യാമറയും ബാക്ക് ക്യാമറ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.