തിരുവനന്തപുരം: അര്‍ബുദമടക്കം ഗുരുതരരോഗങ്ങളുടെ സൂനാമിയാണ് വരുംകാലങ്ങളില്‍ ഇന്ത്യ നേരിടേണ്ടി വരികയെന്ന് യുഎസ് അര്‍ബുദരോഗ വിദഗ്ധന്‍ ഡോ.ജെയിം ഏബ്രഹാം മുന്നറിയിപ്പ് നല്‍കി.സാങ്കേതികവിദ്യയിലൂന്നിയ നൂതന ചികിത്സാരീതികളിലൂടെ ഈ വെല്ലുവിളി മറികടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അര്‍ബുദരോഗം തടയാനും ചികിത്സിക്കാനുമുള്ള വാക്സീനുകള്‍, നിര്‍മിതബുദ്ധി, ഡേറ്റാ ഡിജിറ്റല്‍ ടെക്നോളജി, സ്രവ ബയോപ്സിയിലൂടെയുള്ള അര്‍ബുദനിര്‍ണയം എന്നിവ ചികിത്സയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരും.ജീനോമിക് പ്രൊഫൈലിങ്, ജനിതക എഡിറ്റിങ്, രോഗപ്രതിരോധചികിത്സ, സിഎആര്‍ടി കോശചികിത്സ എന്നിവയും അര്‍ബുദചികിത്സയില്‍ നിര്‍ണായകമാണ്. ഡിജിറ്റല്‍ ടെക്നോളജി, ഐടി, ടെലി ഹെല്‍ത്ത് എന്നിവ രോഗിയും വിദഗ്ധ ഡോക്ടറും തമ്മിലുള്ള അകലം കുറയ്ക്കും. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വസിക്കുന്ന ഗ്രാമപ്രദേശങ്ങളിലേക്ക് ഇതുവഴി മെച്ചപ്പെട്ട ചികിത്സാസേവനം എത്തിച്ചേരും. അര്‍ബുദ വാക്സിന്‍ ഗവേഷണം ആവേശം പകരുന്നു. കൊവിഡ് വാക്സീന്‍ വികസിപ്പിച്ചതില്‍ ഗവേഷകര്‍ അദ്ഭുതകരമായ വിജയമാണ് കൈവരിച്ചത്. ആദ്യ എംആര്‍എന്‍എ അടിസ്ഥാനമാക്കിയ അര്‍ബുദ വാക്സീന്‍ കഴിഞ്ഞ പത്തു വര്‍ഷമായി ചെറിയതോതില്‍ പരീക്ഷണം നടത്തി വരികയാണ്. ആദ്യ ഫലം പ്രതീക്ഷ നല്‍കുന്നു. നിലവില്‍ ഏറ്റവും അപകടസാധ്യതയുള്ള സ്തനാര്‍ബുദത്തിനെതിരായ വാക്സീനിന്‍റെ ഗവേഷണങ്ങളാണ് ക്ലീവ്ലാന്‍റ് ക്ലിനിക്കില്‍ നടന്നു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.കുഴപ്പക്കാരായ ജീനുകളെ കണ്ടെത്തി സ്തനാര്‍ബുദം, മലാശയ അര്‍ബുദം എന്നിവ വളരെ നേരത്തേ തിരിച്ചറിയുന്നതിനായി ജനിതക പ്രൊഫൈലിങ് പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാം. ഭാവിയില്‍ ജീനോം പരിശോധന രക്തപരിശോധനപോലെ സാധാരണമായി മാറാം. അപകടസാധ്യത തിരിച്ചറിയുന്നതിനും അര്‍ബുദകോശങ്ങളെ മാത്രം നശിപ്പിക്കുന്നതിനുമുള്ള ചികിത്സ നിലവില്‍ വരും. അപകടസാധ്യത കൂടിയവരില്‍ ഇത്തരം പരിശോധനകള്‍ നടത്തുന്നതിലൂടെ അര്‍ബുദരോഗം തടയാനും സാധിക്കും.