ഒരു 11 വയസ്സുകാരന്റെ മൃതദേഹത്തിന് മുന്നില്‍ ബഹുമാനപൂര്‍വ്വം ശിരസ്സ് കുനിക്കുന്ന ഒരുപറ്റം ഡോക്ടര്‍മാരുടെ ചിത്രം പലപ്പോഴായി സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്.
എന്നാല്‍, അധികമാര്‍ക്കും ആ ചിത്രത്തിന് പിന്നിലെ കഥ അറിയില്ല. നിരവധി ആളുകള്‍ക്ക് പുനര്‍ജന്മമേകിക്കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞ പതിനൊന്ന് വയസ്സുകാരന് ഡോക്‌ടര്‍മാര്‍ നല്‍കിയ ആദരവായിരുന്നു ആ ‘തല കുനിക്കല്‍’.
ലിയാങ് യായോയി എന്നാണ് ആ കുട്ടി ധീരന്റെ പേര്. ചൈനയിലെ ഷെന്‍സണ്‍ സ്വദേശിയായിരുന്നു ലിയാങ്. ക്യാന്‍സര്‍ ബാധിതനായി ഒരുപാട് നാളുകളോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ലിയാങ് മരണത്തിന് കീഴടങ്ങുന്നത്. അവന് ബ്രെയിന്‍ ട്യൂമര്‍ ആയിരുന്നു. മരിക്കുന്നതിന് തൊട്ട് മുന്‍പ് ലിയാങ് എടുത്ത ഒരു തീരുമാനമാണ് നിരവധി ആളുകള്‍ക്ക് പുതുജീവന്‍ ലഭിക്കുവാന്‍ കാരണമായത്. ലിയാങ് തന്റെ മരണശേഷം അവയങ്ങള്‍ ദാനം ചെയ്തു. താന്‍ മരിച്ചാലും മറ്റു ചിലര്‍ക്ക് തന്നിലൂടെ ഒരു ജീവിതം ലഭിക്കുമല്ലോ എന്ന ചിന്തയാണ് ആ 11 വയസ്സുകാരനെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത്. അവയവ ദാനത്തെ കുറിച്ചും അതിന്റെ മഹത്വത്തെ കുറിച്ചതും സ്കൂളിലെ പാഠഭാഗങ്ങളില്‍ നിന്നും പഠിച്ച ലിയാങ് അന്ന് മുതലേ അതില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് ലിയാങ്ങിന്റെ അധ്യാപകര്‍ പറയുന്നത്.
മരിക്കുന്നതിന് തൊട്ട് മുന്‍പ് ലിയാങ് തന്റെ അമ്മയോട് അവസാനമായി പറഞ്ഞ ആഗ്രഹവും അത് തന്നെയായിരുന്നു. അവന്റെ മരണശേഷം അമ്മ മകന് നല്‍കിയ വാക്ക് പാലിച്ചു. ലിയാങ്ങിന്റെ അവയവങ്ങള്‍ ഒരുപാട് പേര്‍ക്ക് പുതുജീവനേകി. ഒരു 11 വയസ്സുകാരന്റെ ചിന്താഗതിക്കും അവന്റെ സത്പ്രവര്‍ത്തിക്കും മുന്നില്‍ ബഹുമാനപ്പൂര്‍വ്വം അവിടുത്തെ ഡോക്ടര്‍സ് ശിരസ്സ് കുനിച്ചു.