പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിക്ക് ഇന്ത്യയിലേക്ക് ക്ഷണം

ന്യൂഡല്‍ഹി: പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിക്ക് ഇന്ത്യയിലേക്ക് ക്ഷണം. മെയില്‍ ഗോവയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ബിലാവല്‍ ഭൂട്ടോയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

 

ഇന്ത്യയുമായി സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കഴിഞ്ഞദിവസം പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യയുടെ ക്ഷണം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈ കമീഷന്‍ വഴി പാക് വിദേശകാര്യ മന്ത്രിയെ യോഗത്തിലേക്ക് ക്ഷണിച്ചത്. യോഗത്തില്‍ പങ്കെടുക്കുന്നതിനായി മെയ് ആദ്യവാരം ഗോവ സന്ദര്‍ശിക്കാനാണ് ക്ഷണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്ഷണം പാകിസ്താന്‍ സ്വീകരിക്കുകയാണെങ്കില്‍, ഒരു പാക് വിദേശകാര്യ മന്ത്രിയുടെ 12 വര്‍ഷത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാകും അത്. 2011 ജൂലൈയില്‍ ഹിന റബ്ബാനി ഖര്‍ ആയിരുന്നു അവസാനമായി ഇന്ത്യ സന്ദര്‍ശിച്ച പാക് വിദേശകാര്യ മന്ത്രി. 2015 ആഗസ്റ്റില്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രി സര്‍താജ് അസീസിന് ഇന്ത്യ ക്ഷണം നല്‍കിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കി.

ഇന്ത്യക്കും പാക്കിസ്താനും പുറമെ ചൈന, റഷ്യ, ഖസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എസ്‌.സി.ഒ. മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ചൈനയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ക്കും ക്ഷണമുണ്ട്.

spot_img

Related Articles

Latest news