അഹമ്മദാബാദ്: റിപ്പബ്ലിക് ദിനത്തില്‍ അഹമ്മദാബാദ് പൊലീസിന് ബോംബ് സ്ഫോടന ഭീഷണി. തുടര്‍ന്ന് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഹമ്മദാബാദ് റെയില്‍വേ സ്‌റ്റേഷനിലും ഗീതാ മന്ദിര്‍ ബസ് സ്‌റ്റേഷനിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണി കത്തില്‍ പറയുന്നു.
അഹമ്മദാബാദ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നാലുപേര്‍ പിടിയിലായത്. തെരച്ചില്‍ നടത്തുന്നതിനും ഭീഷണിക്കത്ത് അയച്ചയാളെ തിരിച്ചറിയുന്നതിനുമായി എട്ടിലധികം സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു.
അഹമ്മദാബാദ് പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് അയച്ച ഭീഷണി കത്തില്‍ ചില നമ്ബറുകളും പരാമര്‍ശിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അഹമ്മദാബാദ് റെയില്‍വേ സ്‌റ്റേഷനും ഗീതാ മന്ദിര്‍ ബസ് സ്‌റ്റേഷനും കൂടാതെ മറ്റ് രണ്ട് സ്ഥലങ്ങളും ഭീഷണിക്കത്ത് അയച്ചയാളുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡി.സി.പി ചൈതന്യ മാന്‍ഡ്‌ലിക് അറിയിച്ചു. നാലില്‍ രണ്ടുപേര്‍ അഹമ്മദാബാദില്‍നിന്നും മറ്റു രണ്ടുപേര്‍ ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്നുമാണ് അറസ്റ്റിലായത്.