ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിലെ നെതര്‍ലന്‍ഡ്സ് – ദക്ഷിണ കൊറിയ ക്വാര്‍ട്ടര്‍ ഫൈനലിനിടെ പന്ത് മുഖത്ത് പതിച്ച് അംപയര്‍ക്ക് പരിക്ക്.
മത്സരം നിയന്ത്രിച്ച മുഖ്യ അംപയറായ ജര്‍മന്‍ സ്വദേശി ബെന്‍ ഗോയെന്ടെനാണ് പരിക്കേറ്റത്. മുഖത്ത് ശക്തമായ പ്രഹരമേറ്റ ഗോയന്ടെനിന് ഉടനടി പ്രഥമശുശ്രൂഷ നല്കി മൈതാനത്ത് നിന്ന് മാറ്റി. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറിലെ പെനല്‍റ്റി കോര്‍ണര്‍ ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. 28-ാം മിനിറ്റില്‍ ദക്ഷിണ കൊറിയന്‍ താരം ജാംഗ ജോംഗ്ഹ്യുന് തൊടുത്ത ഡ്രാഗ് ഫ്ലിക്, ഗോള്‍ പോസ്റ്റിന്റെ വലത് വശത്തായി ഡി ബോക്സിന് വെളിയില്‍ നില്‍ക്കുകയായിരുന്ന അംപയറുടെ മുഖത്ത് പതിക്കുകയായിരുന്നു. സഹതാരം നല്കിയ പെനല്‍റ്റി ഡെലിവറി ഫ്ലിക് ചെയ്യുന്നതിനിടെ, ജോംഗ്ഹ്യുന്റെ ലക്ഷ്യം പിഴച്ച് പന്ത് ഗോയെന്ടെനിന്റെ നേര്‍ക്ക് കുതിക്കുകയായിരുന്നു. പെനല്‍റ്റി കോര്‍ണറുകള്‍ പതിവായ ഹോക്കിയില്‍ ഇത്തരമൊരു അപകടം അപൂര്‍വമാണ്. ഗോയെന്ടെന് പരിക്കേറ്റ് പിന്മാറിയതോടെ റിസര്‍വ് അംപയറായ രഘു പ്രസാദ് ആണ് മത്സരത്തിന്റെ ശേഷിച്ച ഭാഗം നിയന്ത്രിച്ചത്.