ന്യൂഡല്‍ഹി: എല്ലാ വര്‍ഷത്തേയും പോലെ ഗൂഗ്ള്‍ ഡൂഡില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചത് സംസ്കാരവും പാരമ്ബര്യവും ചിത്രീകരിക്കുന്ന ചിത്രത്തോടെയാണ്.
ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തില്‍ ഇത്തവണ അഹമ്മദാബാദ് ആസ്ഥാനമായുള്ള ആര്‍ട്ടിസ്റ്റ് പാര്‍ത്ത് കോതേക്കറിന്റെ സൃഷ്ടിയാണ് ഗൂഗ്ള്‍ ഡൂഡിലായി തെരഞ്ഞെടുത്തിരിക്കുന്നത്.
കൈകൊണ്ട് മുറിച്ച കടലാസില്‍ നിര്‍മ്മിച്ച ഡൂഡില്‍ ആര്‍ട്ട് വര്‍ക്കില്‍ ഇന്ത്യയുടെ രാഷ്ട്രപതി ഭവനും ഉള്‍പ്പെടുന്നു. ഇതുകൂടാതെ, സി.ആര്‍.പി.എഫ് മാര്‍ച്ചിങ് കണ്‍ഡിജന്റ്, ഇന്ത്യാ ഗേറ്റ്, ഇന്ത്യയുടെ ദേശീയ പക്ഷിയായ മയില്‍ തുടങ്ങിയ മറ്റ് ഘടകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഗൂഗ്ള്‍ ഡൂഡിലേക്കുള്ള അവസരത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞപ്പോള്‍ അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് പാര്‍ത്ത് കോതേക്കര്‍ പറഞ്ഞു.’ഈ പേപ്പര്‍കട്ട് പൂര്‍ത്തിയാക്കാന്‍ ഞാന്‍ നാല് ദിവസമെടുത്തു. ഒരു ദിവസം ആറ് മണിക്കൂര്‍, പാര്‍ത്ത് പറഞ്ഞു.
74 വര്‍ഷത്തെ യാത്രയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്നതു മാത്രമല്ല, ജി 20 അധ്യക്ഷസ്ഥാനവും ഇന്ത്യ ഏറ്റെടുത്തു. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. 1950-ല്‍ ഈ ദിവസം ഭരണഘടന അംഗീകരിച്ചതോടെ, ഇന്ത്യ സ്വയം ഒരു പരമാധികാര, ജനാധിപത്യ, റിപ്പബ്ലിക് രാഷ്ട്രമായി പ്രഖ്യാപിച്ചു.
റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന്, രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ത്യയുടെ ജി 20 അധ്യക്ഷ സ്ഥാനം ജനാധിപത്യത്തെയും ബഹുമുഖതയേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമാണെന്ന് പറയുകയും ചെയ്തു.