ടോക്യോ: യുക്രെയ്നില്‍ റഷ്യ നടത്തുന്ന പുതിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ജപ്പാന്‍ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചു.
റഷ്യയിലേക്കുള്ള തന്ത്രപ്രധാന വസ്തുക്കളുടെ കയറ്റുമതി നിരോധിക്കുകയും നിരവധി ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഉപരോധം കടുപ്പിച്ചത്.
റോബോട്ടുകള്‍, പവര്‍ ജനറേറ്ററുകള്‍, സ്‌ഫോടകവസ്തുക്കള്‍, വാക്‌സിനുകള്‍, സെമികണ്ടക്ടര്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന ചരക്കുകളുടെ റഷ്യയിലേക്കുള്ള കയറ്റുമതി ജപ്പാന്‍ നിരോധിക്കുമെന്ന് വാണിജ്യ മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. പുതിയ കയറ്റുമതി നിരോധനം ഫെബ്രുവരി 3 മുതലാണ് പ്രാബല്യത്തിലാകുക.
മൂന്ന് റഷ്യന്‍ സ്ഥാപനങ്ങളുടെയും 22 വ്യക്തികളുടെയും റഷ്യയെ അനുകൂലിക്കുന്ന 14 വ്യക്തികളുടെയും ആസ്തികളാണ് ജപ്പാന്‍ മരവിപ്പിച്ചിരിക്കുന്നത്.
അതേസമയം, ഫ്രാന്‍സോ സഖ്യകക്ഷികളോ റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ യുക്രെയ്‌നിലേക്ക് സൈനിക ടാങ്കുകള്‍ അയയ്ക്കാനുള്ള പാശ്ചാത്യ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സ് തങ്ങളുടെ നയം വ്യക്തമാക്കിയത്. ഞങ്ങളോ ഞങ്ങളുടെ സഖ്യകക്ഷികളോ റഷ്യയുമായി യുദ്ധത്തിനില്ലെന്ന് മന്ത്രാലയ വക്താവ് ആന്‍-ക്ലെയര്‍ ലെജന്‍ഡ്രെ പറഞ്ഞു