ഈ പ്രപഞ്ചത്തില്‍ എന്തൊക്കെയുണ്ട്? ആകാശഗംഗയ്ക്ക് 1361 കോടി വര്‍ഷം പ്രായം, സൂര്യന് 500 കോടിയും ഭൂമിക്ക് 460 കോടി വര്‍ഷവും

നമ്മുടെ പ്രപഞ്ചത്തിനെന്തു വലിപ്പമുണ്ട്?
അത് അനന്തമോ അതോ പരിധിയുള്ളതോ?
ഭൂമിയെപ്പോലെ മറ്റു ഗ്രഹങ്ങളുണ്ടാകുമോ?

അത്തരം ഗ്രഹങ്ങളില്‍ മനുഷ്യരെപ്പോലെയുള്ള ജീവികളുണ്ടാകുമോ?
കാലങ്ങളായി ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനായി അന്വേഷണം തുടരുന്നു. അതിപ്പോള്‍ എത്തിനില്‍ക്കുന്നത് ഏറ്റവും പുതിയ ജയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പിലാണ്. അന്തരീക്ഷത്തിന്റെ പ്രശ്നമില്ലാതെ ബഹിരാകാശത്തു നിന്നും പ്രപഞ്ചത്തിലെ ഘടകങ്ങളെക്കുറിച്ചുള്ള വിസ്മയാവഹമായ ചിത്രങ്ങള്‍ ദിനംപ്രതിയെന്നോണം ഈ ടെലിസ്കോപ്പ് എത്തിക്കുന്നു. കഴിഞ്ഞ മൂന്നു ദശകങ്ങളായി പ്രപഞ്ചത്തിലെ ഘടകങ്ങളുടെ ചിത്രങ്ങള്‍ എത്തിച്ച ഹബിള്‍ സ്പേസ് ടെലിസ്കോപ്പിനെക്കാളും സൂക്ഷ്മതയും തെളിമയും ഉള്ള ചിത്രങ്ങളാണ് ഇതിന്റെ പ്രത്യേകത. ലോകമെമ്ബാടുമുള്ള ആയിരക്കണക്കിനു ശാസ്ത്ര ഗവേഷകര്‍ക്ക് വിവരങ്ങളെത്തിച്ച്‌ പ്രപഞ്ചത്തെക്കുറിച്ചുള്ള ലഭ്യമായതില്‍ വച്ചേറ്റവും സമഗ്രമായ വിവരണം പ്രാപ്തമാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. യു.എസിന്റെ സ്പേസ് ഏജന്‍സിയായ നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, കനേഡിയന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സംയുക്ത സംരംഭമാണ് വെബ്ബ്. അപ്പോളോ ചാന്ദ്രദൗത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജയിംസ് വെബ്ബിന്റെ സ്മരണാര്‍ത്ഥമാണ് ഈ പേരു നല്‍കിയിരിക്കുന്നത്. 2021ല്‍ ക്രിസ്തുമസ് ദിനത്തില്‍ വിക്ഷേപിച്ച ഈ ദൗത്യം അതിന്റെ ദര്‍പ്പണങ്ങള്‍ പ്രപഞ്ചത്തിന്റെ ആഴങ്ങളിലേയ്ക്കു തിരിച്ചത് 2022 ജൂലൈ 12നാണ്. അന്നുമുതലിന്നുവരെ ശാസ്ത്രലോകത്തെ അമ്ബരപ്പിക്കുന്ന തരം തെളിമയും സുക്ഷ്മതയുമുള്ള ചിത്രങ്ങളാണ് വെബ്ബ് എത്തിക്കുന്നത്. ആറര മീറ്റര്‍ വ്യാസമുള്ള പ്രാഥമിക ദര്‍പ്പണത്തിന്റെ പ്രവര്‍ത്തനം പൂര്‍ണവും ഉദ്ദേശിച്ച ഫലങ്ങള്‍ നല്‍കുന്നതുമാണ്. സൂര്യപ്രകാശം നിരീക്ഷണത്തെ ബാധിക്കാതിരിക്കാനായി വിശാലമായ ഒരു സണ്‍ഷീല്‍ഡും വെബ്ബിനുണ്ട്. ഇന്‍ഫ്രാറെഡ് ശ്രേണിയിലെ നിരീക്ഷണങ്ങളാണ് പ്രധാനമായും വെബ്ബ് നടത്തുന്നത്.
15ലക്ഷം കിലോമീറ്റര്‍ അകലത്തില്‍ സൂര്യന്റെയും ചന്ദ്രന്റെയും ഭൂമിയുടെയും പ്രകാശവും പ്രതിഫലനവും ബാധിക്കാത്ത രണ്ടാം ലാഗ്രാഞ്ച് പോയിന്റ് എന്നയിടത്താണ് വെബ്ബ് സ്ഥിതിചെയ്യുന്നത്.സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകര്‍ഷണ സന്തുലനത്തില്‍ ഏകദേശം ഒരേയിടത്തു തുടരാന്‍ സഹായിക്കുന്ന ഒന്നാണ് ലാഗ്രാഞ്ച് പോയിന്റ്. പ്രപഞ്ചത്തിന്റെ ആഴത്തിലെ 460 കോടി പ്രകാശവര്‍ഷം അകലെയുള്ള സ്മാക്സ് 0273 ഗാലക്സി ക്ളസ്റ്ററിന്റെ ചിത്രമാണ് വെബ്ബിന്റെ ആദ്യത്തേത്.

മറ്റുലോകങ്ങള്‍
വെബ്ബ് ഈയിടെ നടത്തിയ ഭൗമസമാനമായ എല്‍ .എച്ച്‌ .എസ് 475 ബി എന്ന ഗ്രഹത്തിന്റെ നിരീക്ഷണം അന്യലോകങ്ങള്‍ക്കായുള്ള അന്വേഷണത്തിനു പുതുജീവന്‍ നല്‍കിയിരിക്കുന്നു. 41 പ്രകാശവര്‍ഷമകലെ ഒക്റ്റാന്‍സ് എന്ന നക്ഷത്രഗണത്തിലാണ് ഭൂമിയുടെ 99ശതമാനം വലിപ്പമുള്ള ഈ ഗ്രഹമുള്ളത്. മറ്റു ടെലിസ്കോപ്പുകള്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണങ്ങളില്‍ അന്യഗ്രഹങ്ങള്‍ അവയുടെ നക്ഷത്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന വേളയില്‍ ഉണ്ടാകുന്ന നക്ഷത്രത്തിന്റെ തെളിച്ചത്തിലെ ഏറ്റക്കുറച്ചിലുകള്‍ അപഗ്രഥിച്ചാണ് അനുമാനത്തിലെത്തിയിരുന്നത്. എന്നാല്‍ വെബ്ബിന്റെ നിരീക്ഷണം നേരിട്ടുള്ളതും വ്യക്തതയുള്ളതുമാണ്. വെബ്ബിലെ നിയര്‍ ഇന്‍ഫ്രാറെഡ് സ്പെക്‌ട്രോഗ്രാഫാണ് ഇതിനുപയോഗപ്പെടുത്തിയത്. ഭൗമസമാനമായ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റെ ഘടനവരെ വെബ്ബിനു കണ്ടെത്താന്‍ കഴിയും. ഭൂമിയെപ്പോലെ ജലം നിറഞ്ഞ ഗ്രഹമല്ലെങ്കിലും അതില്‍ അന്തരീക്ഷം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.ഭൂമിയെക്കാള്‍ അന്തരീക്ഷതാപവും അതിനുണ്ട്. ഇതൊരു വാതകഗ്രഹമല്ല മറിച്ച്‌ ഭൂമിയെപ്പോലെ പാറനിറഞ്ഞ ഒന്നാണെന്നാണ് അനുമാനം.ഭൗമാന്തരീക്ഷത്തിലെ പ്രധാന വാതകം നൈട്രജനാണ്. അതായത് 78.08ശതമാനം. ഓക്സിജനാകട്ടെ 20.95ശതമാനവും. 0.93ശതമാനം ആര്‍ഗണ്‍ ബാക്കി മറ്റുവാതകങ്ങള്‍ എന്നിങ്ങനെയാണ്. അന്യഗ്രഹത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡോ മറ്റേതെങ്കിലും വാതകമോ ആയിരിക്കും അന്തരീക്ഷത്തില്‍ നിറഞ്ഞിരിക്കുന്നത്. ബഹിരാകാശത്തെയും ഭൂമിയിലെയും ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച്‌ അയ്യായിരത്തിലധികം അന്യഗ്രഹങ്ങളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ ഗാലക്സിയില്‍ തന്നെ അനേകായിരം കോടി ഗ്രഹങ്ങള്‍ കാണാനിടയുണ്ട്. നക്ഷത്രങ്ങള്‍ക്കു ചുറ്റിനും ഭ്രമണം ചെയ്യുന്നവയും നക്ഷത്രാന്തര സ്പേസില്‍ അലഞ്ഞുതിരിയുന്നവയും ഇതിലുണ്ട്. നക്ഷത്രങ്ങള്‍ക്കു ചുറ്റിനുമുള്ളവയെയാണ് നമുക്കു തിരിച്ചറിയാനാകുന്നത്. വ്യാഴത്തിന്റെ പന്ത്രണ്ടു മടങ്ങുള്ള എച്ച്‌ .ഐ. പി 65426 ബി എന്ന അന്യഗ്രഹത്തെയാണ് വെബ്ബ് ആദ്യം നിരീക്ഷിച്ചത്. 385 പ്രകാശവര്‍ഷം ദൂരത്തുള്ള ഈ ഗ്രഹം ഒരു വാതകഭീമനാണ്. ധാരാളം ഓക്സിജന്‍ ഉണ്ടെങ്കിലും ഈ ഗ്രഹം ഭൂമിയിലെ ജീവികള്‍ക്ക് വാസയോഗ്യമല്ല. വിര്‍ഗോ നക്ഷത്രഗണത്തില്‍ 700 പ്രകാശവര്‍ഷമകലെയുള്ള വാസ്പ് 39 ബി എന്ന ശനിയുടെ വലിപ്പമുള്ള അന്യഗ്രഹത്തെയും വെബ്ബ് നിരീക്ഷിച്ചു. ടുക്കാന എന്ന നക്ഷത്രഗണത്തില്‍ 82.5പ്രകാശവര്‍ഷം ദൂരത്തുള്ള സൂര്യന്റെ അറുപതു ശതമാനം വലിപ്പമുള്ള എല്‍ 168-9 എന്ന ചുവപ്പു കുള്ളന്‍ നക്ഷത്രത്തിനുചുറ്റും ഒരു ഗ്രഹത്തെയും വെബ്ബ് കണ്ടെത്തി.

പ്രപഞ്ചത്തിന്റെ ആദ്യകാലം
ഏകദേശം 1382കോടി വര്‍ഷം മുന്‍പുണ്ടായ ഒരു മഹാസംഭവത്തില്‍, അതായത് മഹാവിസ്ഫോടനത്തില്‍ പ്രപഞ്ചം ആവിര്‍ഭവിച്ചു എന്നാണ് നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. അക്കാലത്തിനുശേഷം പ്രപഞ്ചം വികസിച്ചു തുടങ്ങി. ആ വികാസം ഇന്നും തുടരുന്നു. പ്രപഞ്ചത്തിന്റെ ആദ്യകാലത്തെക്കുറിച്ച്‌ അറിയണമെങ്കില്‍ ശക്തമായ നിരീക്ഷണ സംവിധാനം വേണ്ടിവരും .വെബ്ബിലെ ദര്‍പ്പണങ്ങള്‍ പ്രപഞ്ചത്തിന്റെ ബാല്യകാലത്തെ വിവരങ്ങള്‍ എത്തിക്കുന്നു. അതായത് പ്രപഞ്ചത്തിന് 30കോടി വര്‍ഷം പ്രായമായ സമയത്ത് രൂപപ്പെട്ടുതുടങ്ങിയ ഗാലക്സികളുടെ നിരീക്ഷണമാണ് നടത്തിയത്. 1352കോടി വര്‍ഷം മുന്‍പാണ് ഇവയുണ്ടായത്. അവയില്‍ നിന്നുള്ള പ്രകാശം നാമിപ്പോള്‍ കാണുന്നതിനു കാരണം വെബ്ബ് 1352കോടി പ്രകാശവര്‍ഷം അകലത്തിലാണ് എന്നതുതന്നെ. ഗ്ളാസ് -സെഡ് 13 എന്ന ഗാലക്സി 1352 കോടി പ്രകാശവര്‍ഷം ദൂരത്തിലും സീര്‍സ് 93316 എന്ന ഗാലക്സി 1358 കോടി പ്രകാശവര്‍ഷം ദൂരത്തിലുമാണ്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും അകലെയുള്ള വസ്തുക്കളാണിവ. അതായത് പ്രപഞ്ചത്തിന്റെ ആദ്യകാലത്തുണ്ടായ ഗാലക്സികള്‍.

നക്ഷത്രങ്ങള്‍ ജനിക്കുന്ന ഇടങ്ങള്‍

സായാഹ്നങ്ങളില്‍ ആകാശത്തു തെളിയുന്ന നക്ഷത്ര ഗണങ്ങളില്‍ ഏറ്റവും പ്രമുഖം ഓറിയണ്‍ ആണ്. പ്രാചീന സംസ്കൃതികളെ ഏറെ ആകര്‍ഷിക്കുകയും പലതരം വിശ്വാസങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും ജന്മം നല്കിയതുമാണിത്. വേട്ടക്കാരന്റെ രൂപമാണ് ഇതിനു സങ്കല്പിച്ചിരിക്കുന്നത്. വേട്ടക്കാരന്റെ അരപ്പട്ടയെ സൂചിപ്പിക്കുന്നത് തെളിമയുള്ള മൂന്നു നക്ഷത്രങ്ങളും. ഓറിയണിലെ നെബുല എന്ന വാതകപടലം ചെറിയ ബൈനോക്കുലര്‍ ഉപയോഗിച്ചു പോലും കാണാന്‍ കഴിയും. നക്ഷത്രങ്ങളുടെ പരിണാമാവസ്ഥയിലെ ഘടകങ്ങളാണ് നെബുലകള്‍. സോളാര്‍ നെബുലയെന്ന ഒന്നില്‍ നിന്നാണ് സൂര്യനും പിന്നെ ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളും രൂപപ്പെട്ടത്. വെബ്ബിന്റെ നിരീക്ഷണങ്ങള്‍ സൗരയൂഥത്തിന്റെ ആദ്യകാലത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നു.
7000 പ്രകാശവര്‍ഷം അകലെ സെര്‍പെന്‍സ് എന്ന നക്ഷത്രഗണത്തിലാണ് ഈഗിള്‍ നെബുല കാണപ്പെടുന്നത്. ഇതില്‍ നക്ഷത്രങ്ങളുടെ നഴ്സറി എന്നറിയപ്പെടുന്ന പ്രദേശമുണ്ട്. അവിടെ വാതകങ്ങള്‍ ഗുരുത്വാകര്‍ഷണത്താല്‍ ഒരുമിച്ചു ചേര്‍ന്ന് നക്ഷത്രങ്ങള്‍ക്ക് രൂപം നല്‍കുന്നു. സൃഷ്ടിയുടെ സ്തംഭങ്ങള്‍ – പില്ലേഴ്സ് ഒഫ് ക്രിയേഷന്‍ -എന്ന പേരില്‍ ഈ പ്രദേശം പ്രശസ്തവുമാണ്. ഹബിള്‍ ടെലിസ്കോപ്പിനെക്കാള്‍ തെളിമയോടെ വെബ്ബ് ഈ പ്രദേശത്തിന്റെ ചിത്രങ്ങളെത്തിച്ചു. സതേണ്‍ റിംഗ് നെബുലയുടെ ചിത്രം നക്ഷത്രങ്ങളുടെ പരിണാമാവസ്ഥയെക്കുറിച്ച്‌ പുതിയ വിവരങ്ങള്‍ നല്‍കുന്നു. ഹിമാലയ മലനിരകള്‍ പോലെയുള്ള ചിത്രം 7500-8500 പ്രകാശവര്‍ഷം ദൂരത്തുള്ള കാരിന നെബുലയിലുള്ള എന്‍.ജി .സി 3324 എന്ന പ്രദേശത്തിന്റേതാണ്.നക്ഷത്രങ്ങള്‍ ജന്മം കൊള്ളുന്നയിടമാണിത്.

ഗാലക്സികള്‍ ഗാലക്സികള്‍
ചെറുതും വലുതുമായ 42 ഗാലക്സികളുള്ള പ്രദേശമാണ് ലോക്കല്‍ ഗ്രൂപ്പ്. ഗാലക്സികളുടെ സമീപത്ത് ചെറിയ ഉപഗ്രഹ ഗാലക്സികളുമുണ്ട്. ആകാശഗംഗ അതിലെ ഒരു അംഗമാണ്. ഒരുകോടി പ്രകാശവര്‍ഷമാണ് ലോക്കല്‍ ഗ്രൂപ്പിന്റെ വലിപ്പം. വിര്‍ഗോ സൂപ്പര്‍ ക്ളസ്റ്റര്‍ എന്ന വന്‍ ഗാലക്സിക സമൂഹത്തിന്റെ ഭാഗമാണ് ലോക്കല്‍ ഗ്രൂപ്പ്. ലാനിയാകിയാ സൂപ്പര്‍ക്ളസ്റ്ററിന്റെ ഭാഗം കൂടിയാണിത്. ഇത്തരം സൂപ്പര്‍ക്ളസ്റ്ററുകള്‍ നാടപോലെ പ്രപഞ്ചത്തിന്റെ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്നു. ഇവയിലെല്ലാം നക്ഷത്രങ്ങളും അവയ്ക്കു ചുറ്റും ഗ്രഹങ്ങളുമുണ്ടെന്ന് അനുമാനം. ആ ഗ്രഹങ്ങളിലെ പത്തുശതമാനം എണ്ണം ഭൗമസമാനമാകാനിടയുണ്ട്. അതില്‍ നല്ലൊരു ശതമാനം എണ്ണത്തില്‍ ജീവികളും മനുഷ്യസമാനരായവരും കണ്ടേക്കാം. എം 74 എന്ന ഫാന്റം ഗാലക്സിയെ ഭൂമിയില്‍ നിന്നും നിരീക്ഷിക്കുക എന്നത് അതീവ ദുഷ്ക്കരമാണ്. വെബ്ബ് ഈ സര്‍പ്പിള ഗാലക്സിയുടെ തെളിമയുള്ള ചിത്രമെടുത്തു. ഗുരുത്വാകര്‍ഷണം മൂലം അടുക്കുന്ന നാലു ഗാലക്സികള്‍ (സ്റ്റെഫാന്‍സ് ക്വിന്റെറ്റ് ) എന്നതിന്റെ നിരീക്ഷണം, ഗാലക്സികള്‍ ഒത്തുചേര്‍ന്ന് മദ്ധ്യത്തില്‍ വലിയ ബ്ളാക്ഹോള്‍ ഉണ്ടാകുന്നതിനെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 29 കോടി പ്രകാശവര്‍ഷം ദൂരത്താണ് ഗാലക്സികള്‍ ഒത്തുചേരുന്ന ഈ പ്രദേശം. ചക്രം പോലെയുള്ള കാര്‍ട്ട് വീല്‍ ഗാലക്സി ഹബിളിന്റെ നേത്രങ്ങളെക്കാള്‍ സൂക്ഷ്മതമയോടെ വെബ്ബ് നിരീക്ഷിച്ചു.പത്തുവര്‍ഷമാണ് വെബ്ബിന്റെ പ്രവര്‍ത്തനകാലം. എന്നാല്‍ അത് ഇരുപതു വര്‍ഷം വരെ പ്രവര്‍ത്തിപ്പിക്കാമെന്ന പ്രതീക്ഷയുണ്ട്. പ്രപഞ്ചത്തെകുറിച്ചു സൂക്ഷ്മതയുള്ള വിവരം ഇതിലൂടെ പ്രാപ്യമാകുമെന്ന് കരുതപ്പെടുന്നു. ഇനി എന്തൊക്കെ രഹസ്യങ്ങളാണ് വെബ്ബ് അനാവരണം ചെയ്യുക എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം.
(ലേഖകന്റെ ഫോണ്‍: 9847167946)

ആകാശഗംഗയുടെ കരയില്‍

നമ്മുടെ ഗാലക്സിയായ ആകാശഗംഗയ്ക്ക് 1361 കോടി വര്‍ഷമാണ് പ്രായം. സൂര്യന്‍ എന്ന നമ്മുടെ നക്ഷത്രത്തിന്റെ പ്രായം 500കോടി വര്‍ഷവും. ഭൂമിയുടെ പ്രായം 460കോടി വര്‍ഷമാണ്. ആകാശഗംഗയില്‍ സൂര്യനെക്കാള്‍ പ്രായമുള്ള നൂറുകണക്കിനു കോടി നക്ഷത്രങ്ങളുണ്ട്. അതില്‍ ചില നക്ഷത്രങ്ങള്‍ക്ക് ആകാശഗംഗയോളം പ്രായം വരും . ചില നക്ഷത്രങ്ങള്‍ അവയുടെ ആയുസ്സിന്റെ അന്ത്യത്തിലെത്തി സൂപ്പര്‍നോവ എന്ന സ്ഫോടനത്തില്‍ അകപ്പെടും. മറ്റുചിലത് ചുവപ്പുനിറമുള്ള ഭീമന്‍നക്ഷത്രങ്ങളായും നീലനിറമുള്ള വലിയ നക്ഷത്രങ്ങളായും അവശേഷിക്കും. സൂര്യനെക്കാള്‍ പത്തും ഇരുപതും മടങ്ങു വലിപ്പമുള്ള നക്ഷത്രങ്ങള്‍ അവയുടെ അന്ത്യാവസ്ഥയില്‍ ബ്ളാക്ഹോളായി മാറും. ആ വസ്തുക്കളില്‍നിന്നും പ്രകാശം പോലും പുറത്തുവരികയില്ല. പക്ഷേ അടുത്തുള്ള നക്ഷത്രങ്ങളില്‍ ഗുരുത്വാകര്‍ഷണ സ്വാധീനം ചെലുത്തി ബ്ളാക്ഹോളില്‍ അകപ്പെടുത്തും. ആകാശഗംഗയില്‍ നാല്പതിനായിരം കോടി നക്ഷത്രങ്ങളുണ്ട്. സര്‍പ്പിളാകൃതിയുള്ള തളികപോലെയാണ് ആകാശഗംഗയുടെ രൂപം. നമ്മുടെ ഏറ്റവും അടുത്തുള്ള ഗാലക്സിയായ ആന്‍ഡ്രോമെഡയില്‍ ഒരുലക്ഷം കോടി നക്ഷത്രങ്ങളുണ്ട്. 25.37 ലക്ഷം പ്രകാശവര്‍ഷമാണ് ആന്‍ഡ്രോമെഡയിലേയ്ക്കുള്ള ദൂരം. അതായത് 25.37 ലക്ഷം വര്‍ഷം മുമ്ബത്തെ അവസ്ഥയാണ് ഭൗമനിരീക്ഷണത്തില്‍ നാം കാണുന്നത്. അതുപോലെ ആന്‍ഡ്രോമെഡയില്‍നിന്നും ഏതെങ്കിലും സംസ്കൃതികള്‍ നമ്മളെ നിരീക്ഷിക്കുകയാണെങ്കില്‍ മനുഷ്യന്‍ ഉദ്ഭവിക്കുന്നതിനു മുന്‍പുള്ള അവസ്ഥകളാകും കാണുക. പ്രകാശത്തിന്റെ വേഗത്തിനൊരു പരിധിയുള്ളതാണ് ഇതിനു കാരണം. സജിറ്റാറിയസ് ആം എന്നയിടത്തില്‍ ആകാശഗംഗയുടെ പുറത്തെ സര്‍പ്പിള കരങ്ങളിലെവിടെയോ ആണ് സൗരയൂഥം നിലനില്‍ക്കുന്നത്. അത് ഗാലക്സിയുടെ കേന്ദ്രത്തിനാപേക്ഷികമായി ഭ്രമണം ചെയ്യുന്നു. ഒരു ചുറ്റിനെടുക്കുന്ന സമയമാണ് ഒരു ഗാലക്സിക വര്‍ഷം, അതായത് 23കോടി വര്‍ഷം. ഒരുലക്ഷം പ്രകാശവര്‍ഷമാണ് ആകാശഗംഗയുടെ വ്യാസം. വെബ്ബ് ഒരുചെറിയ പ്രദേശത്ത് നിരീക്ഷണം നടത്തുമ്ബോള്‍ നൂറുകണക്കിനുകോടി നക്ഷത്രങ്ങളാണ് നിരീക്ഷണപഥത്തില്‍ വരിക. അതില്‍ ഏറ്റവും പ്രാപ്യമായവയെ തിരഞ്ഞെടുത്താണ് ചിത്രങ്ങളെടുക്കുന്നത്.

spot_img

Related Articles

Latest news