പാകിസ്ഥാനിലെ മുസ്ലിം പള്ളിയിൽ ചാവേര്‍ ബോംബാക്രമണം ; 61 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ പെഷവാറില്‍ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു.

150-ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പ്രാര്‍ത്ഥനാ സമയത്തായിരുന്നു സ്ഫോടനം. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. നഗരത്തില്‍ പൊലീസ് സ്റ്റേഷന്‍ സമുച്ചയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പള്ളിയായതിനാല്‍ മരിച്ചവരില്‍ കൂടുതല്‍ പേരും പൊലീസ് സേനയിലുള്ളവരാണ്.

ഏകദേശം 400ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഫോടന സമയത്ത് പള്ളിയ്ക്കകത്തും പുറത്തുമായുണ്ടായിരുന്നു. പ്രാര്‍ത്ഥനയ്ക്കായി മുന്‍ നിരയിലിരുന്നവര്‍ക്കൊപ്പം ഇരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസിന്റെ സുരക്ഷാ വലയത്തിലുള്ള മേഖലയിലേക്ക് ചാവേര്‍ എങ്ങനെ നുഴഞ്ഞു കയറിയെന്ന് വ്യക്തമല്ല. പെഷവാറിലെ പൊലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ഈ മേഖലയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പാകിസ്ഥാനി താലിബാന്‍ ( തെഹ്‌രീക് – ഇ – താലിബാന്‍ പാകിസ്ഥാന്‍ – ടി.ടി.പി) കമാന്‍ഡര്‍ സര്‍ബകാഫ് മുഹമ്മദ് അറിയിച്ചു. എന്നാല്‍, ഭീകര സംഘടനയുടെ പ്രധാന വക്താവ് പ്രതികരിച്ചിട്ടില്ല.

പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമബാദ് അടക്കമുള്ള നഗരങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സ്ഫോടനം നടന്ന പ്രദേശം പൊലീസ് സീല്‍ ചെയ്തു.

 

spot_img

Related Articles

Latest news