തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രണ്ടാംതീയതിവരെ തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കന്‍ ജില്ലകളില്‍ വൈകിട്ട് ചെറിയ തോതിലും മഴയുണ്ടാകും. തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലാണ് നിലവില്‍ തീവ്ര ന്യൂനമര്‍ദ്ദം. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
രണ്ട് ദിവസത്തേയ്ക്ക് ബംഗാള്‍ തീരത്ത് മോശം കാലവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും ഇന്ന് മുതല്‍ രണ്ട് വരെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനം പാടില്ല. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ തടസമില്ല.