ബ്ലൂംഫോണ്ടെയ്ന്: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയില്‍ ദക്ഷിണാഫ്രിക്കന്‍ ആധിപത്യം. മൂന്ന് ഏകദിനങ്ങളുടെ പരമ്ബരയിലെ രണ്ടാമത്തെ മത്സരവും ജയിച്ചാണ് അവര്‍ ആധിപത്യം ഉറപ്പാക്കിയത്.
ഒന്നാം ഏകദിനം 27 റണ്ണിനു ജയിച്ച അവര്‍ രണ്ടാമത്തെ മത്സരം അഞ്ച് വിക്കറ്റിനാണു ജയിച്ചത്. അവസാന മത്സരം ബുധനാഴ്ച നടക്കും. തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണു ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തില്‍ ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് 342 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക കളി തീരാന്‍ അഞ്ച് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. നായകനും ഓപ്പണറുമായ തെംബ ബാവുമ (102 പന്തില്‍ ഒരു സിക്സറും 14 ഫോറുമടക്കം 109) മുന്നില്‍നിന്നു നയിച്ച മത്സരത്തില്‍ ഡേവിഡ് മില്ലറും മാര്‍കോ ജാന്‍സനും വെടിക്കെട്ടായി. മില്ലറും (37 പന്തില്‍ മൂന്ന് സിക്സറും രണ്ട് ഫോറുമടക്കം 58) ജാന്‍സനും (29 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 32) ചേര്‍ന്നാണു വിജയ റണ്ണെടുത്തത്.
എയ്ദീന് മര്‍ക്രാം (43 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 49), റാസി വാന്‍ഡര്‍ ദൂസാന്‍ (38 പന്തില്‍ 38), ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് (28 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 31) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു.
ഏറെനാളായി നിറംമങ്ങിക്കളിക്കുന്ന ബാവുമയ്ക്ക് ഏകദിനത്തിലെ മൂന്നാം സെഞ്ചുറി ജീവവായുവായി. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്നു ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന് ഷോണ്‍ പൊള്ളോക്ക്, മുന്‍ ഓപ്പണര്‍ ആഷ്വെല് പ്രിന്‍സ് എന്നിവര്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യക്കെതിരേ 110 റണ്ണെടുത്ത ശേഷം ബാവുമയ്ക്കു തിളങ്ങാനായില്ല. 33 ഇന്നിങ്സുകളിലായി (ടെസ്റ്റ്, ഏകദിന, ട്വന്റി20) നാല് അര്‍ധ സെഞ്ചുറികള്‍ മാത്രമാണു കുറിച്ചത്. 15 തവണ രണ്ടക്കം കാണാതെ മടങ്ങി. ഇന്ത്യക്കെതിരേ രണ്ടുവട്ടം പൂജ്യത്തിനു പുറത്തായി. രണ്ടാം ഏകദിനത്തില്‍ നായകന് ജോസ് ബട്ട്ലറിന്റെ (81 പന്തില്‍ മൂന്ന് സിക്സറും എട്ട് ഫോറുമടക്കം പുറത്താകാതെ 94) മികവിലാണ് ഇംഗ്ലണ്ട് 300 കടന്നത്. ഹാരി ബ്രൂക് (75 പന്തില്‍ നാല് സിക്സറും ഏഴ് ഫോറുമടക്കം 80), മൊയീന്‍ അലി (45 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 51) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇംഗ്ലണ്ടിനു ഗുണമായി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ 34 അധിക റണ്‍ വഴങ്ങി ധാരാളികളായി. 18 വൈഡും അഞ്ച് പെനാല്‍റ്റി റണ്ണും അവര്‍ വഴങ്ങി.