ദുബൈ | ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വളപ്പില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അര്‍ധകായ പ്രതിമ യു എ ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ അനാഛാദനം ചെയ്തു.ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും മഹാന്മാരായ നേതാക്കളില്‍ ഒരാളാണ് മഹാത്മജിയെണ് ശൈഖ് നഹ്യാന്‍ പറഞ്ഞു.
സമൂഹ മുന്നേറ്റത്തിന് അക്രമ രഹിത മാര്‍ഗമാണ് ഗാന്ധിജി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ജനതയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ ഗാന്ധിജിക്കു കഴിഞ്ഞു. മഹത്തായ സന്ദേശങ്ങളാണ് അദ്ദേഹം ലോകത്തിനു നല്‍കിയത്. ഗാന്ധിജിയെ ഓര്‍ക്കുമ്ബോള്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ സ്മരണയിലെത്തും. ശൈഖ് സായിദ് സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും വിശ്വസിച്ച നേതാവായിരുന്നുവെന്നും ശൈഖ് നഹ്യാന്‍ ചൂണ്ടിക്കാട്ടി. ശൈഖ് നഹ്യാന്‍ പ്രതിമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്ബോഴും ഏറ്റവും ലളിതമായി ജീവിച്ച മഹാത്മാവ് ലോകത്തിനിടയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചുവെന്ന് യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ പറഞ്ഞു. എല്ലാ ഇന്ത്യന്‍ കാര്യാലയങ്ങളിലും മൂന്ന് പേരുടെ ചിത്രങ്ങള്‍ അടുത്തടുത്തായി കാണാം. മഹാത്മജി നടുവിലും ഇന്ത്യന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇരുവശത്തുമായാണ് ഉണ്ടാവുക. ഇതില്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍ കാലത്തിനനുസരിച്ചു മാറും. എന്നാല്‍, മഹാത്മയുടെത് എക്കാലത്തേക്കുമാണ്- ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി നന്ദി പ്രകാശിപ്പിച്ചു. മഹാത്മയുടെ പ്രിയപ്പെട്ട ഭജനകളായ ‘വൈഷ്ണവ് ജാന്‍ തോ’, ‘രഘുപതി രാഘവ’ എന്നിവ സോംദത്ത ബസു അവതരിപ്പിച്ചു.
42 ഇഞ്ച് വലിപ്പമുള്ള മഹാത്മാ പ്രതിമ നരേഷ് കുമാവത് രൂപകല്‍പന ചെയ്തതാണ്. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സാണ് പ്രതിമ ദുബൈയില്‍ എത്തിച്ചത്. നയതന്ത്ര പ്രതിനിധികള്‍, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാക്കള്‍, ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.