ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം കരുണാനിധിയുടെ ഓര്‍മ്മക്കായി ബംഗാള്‍ ഉള്‍ക്കടലില്‍ പേനയുടെ കൂറ്റന്‍ സ്‌മാരകം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികള്‍.
സ്‌മാരകം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുമെന്നും പരിസ്ഥിതി പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തെളിവെടുപ്പ് ഒരു സംഘം മത്സ്യത്തൊളിലാളികള്‍ ചേര്‍ന്ന് തടഞ്ഞു.
കൂടാതെ സ്‌മാരകം കടലില്‍ സ്ഥാപിച്ചാല്‍ അത് ഇടിച്ചുകളയുമെന്ന് നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്‍ പ്രഖ്യാപിച്ചതോടെ പ്രശ്‌നം വീണ്ടും അലങ്കോലമായി. കന്യാകുമാരിയിലെ 132 അടി ഉയരമുള്ള തിരുവെള്ളൂര്‍ പ്രതിമയെ കവച്ചുവയ്ക്കുന്ന സ്‌മാരകങ്ങളൊന്നും തമിഴ്‌നാട്ടില്‍ വേണ്ടായെന്നും അദ്ദേഹം പറഞ്ഞു.
മറീന കടല്‍ക്കരയില്‍ നിന്നും 36 മീറ്റര്‍ കടലിലേക്ക് തള്ളിയാണ് 137 അടി ഉയരമുള്ള മാര്‍ബിളില്‍ തീര്‍ത്ത പേനയുടെ സ്‌മാകരം സ്ഥാപിക്കാനിരുന്നത്. സെപ്റ്റംബറില്‍ പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിരുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്താന്‍ ബോര്‍ഡ് അംഗങ്ങള്‍ മെറീനയിലെത്തിയത്. നാട്ടുകാര്‍ തെളിവെടുപ്പ് തടഞ്ഞെങ്കിലും അടുത്ത ദിവസം വീണ്ടും തെളിവെപ്പ് നടത്താനാണ് ബോര്‍ഡിന്റെ തീരുമാനം.