കൊച്ചി: ജോലിയില്‍ നിന്ന് വിരമിക്കുന്ന സര്‍ക്കാര്‍ ഇതര ജീവനക്കാര്‍ നിലവില്‍ ലീവ് കാശാക്കി മാറ്റുമ്പോൾ തുക മൂന്നുലക്ഷം രൂപയ്ക്കുമേലെയാണെങ്കില്‍ നികുതി നല്‍കണം.
2002നുശേഷം ഇത് പരിഷ്‌കരിച്ചിട്ടില്ല. നികുതിയിളവിന്റെ പരിധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായി ഇക്കുറി ബഡ്‌ജറ്റില്‍ 25 ലക്ഷം രൂപയായി ഉയര്‍ത്തി.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ആദായനികുതി നിരക്ക് 42.74 ശതമാനമാണ്. ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണിത്. രണ്ടുകോടി രൂപയ്ക്കുമേല്‍ വരുമാനമുള്ളവര്‍ക്ക് ചുമത്തിയിരുന്ന 37 ശതമാനം സര്‍ചാര്‍ജ് ഇന്നലെ 25 ശതമാനമായി കുറച്ചു. ഇതോടെ, മൊത്തം നികുതിനിരക്ക് 39 ശതമാനമാകും. പുതിയ നികുതി സ്ളാബിലുള്ളവര്‍ക്ക് മാത്രമാണ് നേട്ടം.
ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച നികുതി ഇളവുകളിലൂടെ 35,000 കോടി രൂപയുടെ വരുമാന നഷ്‌ടം സര്‍ക്കാരിനുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. പുതിയ നികുതി നിര്‍ദേശങ്ങളിലൂടെ 3,000 കോടി രൂപ ലഭിക്കും.