കോഴിക്കോട്: ഡോക്ടറുടെ അഭാവത്തില്‍ നഴ്സുമാര്‍ പ്രസവം നടത്തിയെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞമാസം 31നായിരുന്നു സംഭവം.
പ്രസവശേഷമാണ് ഡോക്ടര്‍ എത്തിയതെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു.
താമരശേരി കുടുക്കിലുമ്മാരം സ്വദേശി ആദിറയെ കഴിഞ്ഞമാസം 31നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവം നടക്കുമ്ബോള്‍ ഡോക്ടര്‍മാര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. നഴ്സുമാരാണ് കുഞ്ഞിനെ പുറത്തെടുത്തത്. പിന്നാലെ അമിത രക്തസ്രാവമുണ്ടായി. അപ്പോള്‍ മാത്രമാണ് ഡോക്ടറെ വിളിച്ചുവരുത്തിയതെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു. ആദിറ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. നാട്ടുകാര്‍ ആശുപത്രിയിലേയ്ക്ക് മാര്‍ച്ച് നടത്തി. കുടുംബം മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരിക്കുകയാണ്. അതേസമയം, ആരോപണങ്ങള്‍ ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. പരാതി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.