കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടറായി എ. ഗീത ചുമതലയേറ്റു. മഴക്കാലമെത്തും മുമ്പ് ജില്ലയിലെ മാലിന്യസംസ്കരണ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളെടുക്കുമെന്ന് കളക്ടർ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെയാണ് അവർ ചുമതലയേറ്റത്.
ഞെളിയൻപറമ്പ് പ്രശ്നത്തെക്കുറിച്ച് പഠിച്ച ശേഷം അടുത്ത ആഴ്ച അവിടം സന്ദർശിക്കും. അവധിക്കാലം മുന്നിൽകണ്ട് ഗതാഗത തടസ്സം പരിഹരിക്കാനുള്ള നടപടികളുമുണ്ടാകും, കളക്ടർ പറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണത്തിന് അടിയന്തര പരിഹാരമുണ്ടാക്കും. ഇതിന്റെ ആദ്യപടിയായി കോഴിക്കോട് അടിവാരത്ത് ഭാര പരിശോധനാ കേന്ദ്രം തുടങ്ങും. ലക്കിടിയിൽ ഈ കേന്ദ്രം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.18 മാസം വയനാട് കളക്ടറായിരുന്നശേഷമാണ് എ. ഗീത കോഴിക്കോട് കളക്ടറായി ചുമതലയേറ്റത്.