കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച കര്‍ഷകര്‍ നാല് മണിക്കൂര്‍ ട്രെയിനുകള്‍ തടഞ്ഞിട്ടു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, ബിഹാര്‍ തുടങ്ങി സംസ്ഥാനങ്ങളില്‍ സമരം റെയില്‍ ഗതാഗതത്തെ ബാധിച്ചു. സംയുക്ത കര്‍ഷക സമരസമിതി പ്രഖ്യാപിച്ച ട്രെയിന്‍ തടയല്‍ സമാധാനപരമായിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം ഓരോ ദിവസവും ശക്തമാകുകയാണ്. ട്രാക്ടര്‍ റാലിക്കും ചക്ക ജാമിനും ശേഷം ഇത് മൂന്നാമത്തെ സമര രീതിയാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നിന്നുള്ള ഏതാനും ട്രെയിനുകള്‍ റദ്ദാക്കി.