അനുഗ്രഹീത കലാകാരന്; സ്വാതന്ത്ര്യസമര സേനാനിയുടെ മകന്; ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ പറഞ്ഞതെല്ലാം സാമൂഹിക വിഷയങ്ങള്‍; തെരുവോരങ്ങളെ കലാവേദികളായി തെരഞ്ഞെടുത്ത ബബില്‍ പെരുന്നയുടെ വേര്‍പാടും അപ്രതീക്ഷിതം
ചങ്ങനാശേരി: ഏകാംഗ നാടക കലാകാരനായ ബബില്‍ പെരുന്നയുടെ അപ്രതീക്ഷിത വിയോഗം താന്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രം തീയറ്ററില്‍ പോയി കാണണം എന്ന ആഗ്രഹം ബാക്കിയാക്കി. ബെന്നി ആശംസ സംവിധാനം ചെയ്ത നീപ്പ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് വര്‍ഗീസ് ഉലഹന്നാന് എന്ന ബബില്‍ പെരുന്ന അഭിനയിച്ചത്. നാല് ദിവസം മുന്‍പാണു ഷൂട്ടിങ് അവസാനിച്ചത്. ഇന്നലെ ചിത്രത്തിന്റെ ഡബിങ് ജോലികള്‍ പൂര്‍ത്തിയായിരുന്നു. ഇന്നലെ രാത്രി പത്തോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം.
കേരളത്തിലുടനീളം ആയിരത്തോളം വേദികളില്‍ ഒറ്റയാള്‍ നാടകത്തിലൂടെ ശ്രദ്ധേയനായ ബബില്‍ പെരുന്നയെ പ്രമേഹരോഗം മൂര്‍ച്ഛിച്ച് കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായ ഉലഹന്നാന് കാഞ്ഞിരത്തുംമൂട്ടിലിന്റെ മകനായ ബബില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഒറ്റയാള്‍ നാടകം അവതരിപ്പിച്ചതിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവാണ് ബബില്‍ പെരുന്ന. സംസ്കാരം പിന്നീട്.
42 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തുടനീളം പതിനായിരത്തിലേറെ ഏകാംഗ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: ജൂലി (കറുകച്ചാല്‍). രോഗവും കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളും തളര്‍ത്തിയ അവസരത്തിലാണു കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്കാരം തേടിയെത്തിയത്. നഷ്ടപ്പെട്ടെന്നു കരുതിയതെല്ലാം തിരിച്ചു പിടിക്കണം എന്ന വാശിയോടെ കുതിക്കാന്‍ ഒരുങ്ങുമ്ബോഴാണു അപ്രതീക്ഷിതമായ വേര്‍പാട്.
സ്വാതന്ത്ര്യസമര സേനാനിയായ ഉലഹന്നാന് കാഞ്ഞിരത്തുംമൂട്ടിലിന്റെ മകനായ ബബില്‍ (വര്‍ഗീസ് ഉലഹന്നാന്) ചെറുപ്പം മുതല്‍ നാടകങ്ങളുടെ ലോകത്താണു സഞ്ചരിച്ചിരുന്നത്. വേറിട്ടു നടക്കാന്‍ ആഗ്രഹിച്ച ബബില്‍ തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കാനും തിന്മകള്ക്കെതിരെ പ്രതികരിക്കാനും ഏകാംഗ നാടകങ്ങളെയാണു കൂട്ടു പിടിച്ചത്. പതിനായിരത്തില്‍ അധികം ഏകാംഗ നാടകങ്ങള്‍ അവതരിപ്പിച്ച ബബില്‍ തെരുവോരങ്ങളെയാണു തന്റെ നാടകങ്ങളുടെ വേദികളാക്കിയത്.
എയ്ഡ്സ് ബോധവല്‍ക്കരണം, കര്‍ഷകദുഃഖം, കോവിഡ് ബോധവല്‍ക്കരണം, മരുന്നുകളുടെ വില വര്‍ധന, കുടിവെള്ള ക്ഷാമം, ജലമലിനീകരണം, തീവ്രവാദം, മാലിന്യപ്രശ്നം, പാചകവാതക വിലക്കയറ്റം, ബസ് ചാര്‍ജ് വര്‍ധന, ആദിവാസികളോടും ദരിദ്രരോടുമുള്ള അവഗണന, എന്‍ഡോസള്‍ഫാന്‍ ദുരിത പ്രശ്നങ്ങള്‍, വൃദ്ധരോടുള്ള അവഗണന, പ്രവാസികളുടെ ദുഃഖ, ദുരിതങ്ങള്‍, ട്രാഫിക് ബോധവല്‍ക്കരണം, മദ്യം മയക്കുമരുന്ന് ബോധവല്‍ക്കരണം, കര്‍ഷകദുഃഖം, വിലയേറിയ വോട്ടെന്ന പേരില്‍ വൃദ്ധരെ അവഗണിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പു സമയത്ത് ‘കരുതേണ്ട ചിഹ്നം’ എന്ന പേരില്‍ നാടകം, ഭരണത്തിനു വേഗം വേണമെന്ന് ആവശ്യപ്പെട്ട് ആമ വേഷത്തില്‍ നടത്തിയ കലാപ്രകടനം, ബാലപീഡനം, സ്ത്രീപീഡനം തുടങ്ങി നൂറില്‍ അധികം വിഷയങ്ങള്‍ ബബിലിന്റെ നാടകങ്ങള്‍ക്കു വിഷയങ്ങളായി. ചലച്ചിത്ര മേഖലയിലെ പ്രശസ്തരുമായും അടുപ്പം സൂക്ഷിച്ചിരുന്നു. കോട്ടയം നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ ശിഷ്യഗണത്തിലുണ്ട്.