കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. ഇതുസംബന്ധിച്ച നിര്‍ദേശം ജില്ല കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സി നേതൃത്വത്തിന് മുന്നില്‍വെച്ചു.
മുഖ്യമന്ത്രിക്കെതിരെ രക്തസാക്ഷി കുടുംബത്തില്‍നിന്നൊരു സ്ഥാനാര്‍ഥിയെ ഇറക്കുന്നത് രാഷ്ട്രീയമായി ഗുണംചെയ്യുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ഷുഹൈബിന്റെ പിതാവിനെ മത്സരിപ്പിക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളിലും ചര്‍ച്ചയാണ്.
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍കൂടിയായ മുഹമ്മദ്. സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളെക്കുറിച്ച് പലരും പറഞ്ഞ് അറിഞ്ഞു. എന്തായാലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുകതന്നെ ചെയ്യും -സി.പി.മുഹമ്മദ് പറഞ്ഞു. ജയിക്കാനും എം.എല്‍.എ ആകാനുമുള്ള കൊതിയല്ല. മറിച്ച് തനിക്കും കുടുംബത്തിനും നേരിട്ട നീതിനിഷേധം തുറന്നുകാട്ടാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. ജാമ്യംനേടി പുറത്തിറങ്ങിയ പ്രതികള്‍ക്കുവേണ്ടി കേസ് നടത്തുന്നത് പാര്‍ട്ടിയാണ്. ഷുഹൈബ് കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം ബോംബ് പൊട്ടിച്ചാണ് അവര്‍ ആഘോഷിച്ചത്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ദിവസവും ആഘോഷമായിരുന്നു. ഇതൊക്കെ തുറന്നുകാട്ടപ്പെടേണ്ടതുണ്ടെന്നും സി.പി മുഹമ്മദ് പറഞ്ഞു.
രക്തസാക്ഷിയുടെ പിതാവ് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാര്‍ഥിയാകുന്നത് അക്രമരാഷ്ട്രീയം മുഖ്യ തെരഞ്ഞെടുപ്പ് ചര്ച്ചയാക്കുമെന്നത് നേട്ടമാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. പിണറായി വിജയന്റെ സ്വന്തം തട്ടകമായ ധര്‍മടം സി.പി.എമ്മിന്റെ ഉറച്ച കോട്ടയാണ്. 2016ല്‍ 37,000ഓളം വോട്ടിനാണ് പിണറായി സ്വന്തം നാട്ടില്‍ ജയിച്ചത്.പിണറായിക്കെതിരെ ധര്‍മടത്ത് അട്ടിമറി വിജയം യു.ഡി.എഫിന്റെ വിദൂരസ്വപ്നത്തില്‍ പോലുമില്ല. ഏതെങ്കിലും നേതാവിനെ നിര്‍ത്തി പേരിനൊരു മത്സരം നടത്തുന്നതിന് പകരം രക്തസാക്ഷിയുടെ പിതാവിനെ ഇറക്കി രാഷ്ട്രീയപോരിന് കളമൊരുക്കണമെന്ന മുറവിളി കോണ്‍ഗ്രസിനുള്ളില്‍ സജീവമാണ്.