ജീവിതാനുഭവങ്ങൾ അനുഭവിച്ചറിയാൻ അവസരമുണ്ടാക്കുക:, ഗോപിനാഥ് മുതുകാട്

റിയാദ്: പഠനത്തോടൊപ്പം കുട്ടികളെ നല്ല മനുഷ്യരായി വളർത്തുകയും ജീവിതാനുഭവങ്ങൾ അനുഭവിച്ചറിയുവാൻ അവർക്ക് അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും വേണമെന്ന് പ്രമുഖ മെജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ തിരുവനന്തപുരം മാജിക് അക്കാദമി ഡയറക്ടർ ഗോപിനാഥ്‌ മുതുകാട്‌ പറഞ്ഞു. ഹ്രസ്വ സന്ദർശനത്തിന് റിയാദിലെത്തിയ അദ്ദേഹം കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ നൽകിയ സല്ലാപം പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. അവരുടെ മികച്ച പഠനത്തിനായി നാം ശ്രമിക്കുന്നതോടൊപ്പം ജീവിതാനുഭവങ്ങൾ അനുഭവിക്കാനുള്ള അവസരം കൂടി അവർക്ക് നൽകണം. രക്ഷിതാക്കളുടെ തണലിൽ ലാളനയും സന്തോഷവും മാത്രം അനുഭവിച്ച കുട്ടി പ്രതിസന്ധി ഘട്ടങ്ങളിൽ പകച്ചുപോകുന്ന അവസ്ഥ സർവസാധാരണമാണ്. ഭാവനാ ലോകത്തുനിന്ന് തനിക്ക് പരിചിതമല്ലാത്ത ജീവിത യാഥാർഥ്യത്തിലേക്കെത്തുമ്പോൾ സംഭവിക്കുന്നതാണിത്. ഇതിന് പരിഹാരമാണ് ചുറ്റും നടക്കുന്ന ജീവിതാനുഭവങ്ങൾ നാം അറിയുകയും അനുഭവിക്കുകയും ചെയ്യുകയെന്നത്. പരിമിതികൾക്കിടയിലും പ്രവാസി രക്ഷിതാക്കൾ കുട്ടികളുടെ കാര്യത്തിൽ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മാജിക് ലോകത്തുനിന്ന് വിട്ടുനിന്ന് ഇപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാക്തീകരണത്തിനായി മുഴുസമയ പ്രവർത്തനത്തിലുള്ള മുതുകാട്, അതിനായി ആരംഭിച്ച യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്ററിലെ അനുഭവങ്ങൾ പങ്കുവെച്ചത് കണ്ണീരോടെയാണ് സദസ്സ് കേട്ടിരുന്നത്. ഇതിൽ തനിക്ക് സന്തോഷമുണ്ടെന്നും തന്റെ വാക്കുകൾ ആഴത്തിൽ മനസ്സിൽ തട്ടിയവരാണ് ഇപ്പോൾ കരഞ്ഞു പോയവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി കുട്ടികൾക്കായി കോഴിക്കോടൻസിന്റ കീഴിൽ നടന്നുവരുന്ന ‘എജ്യുഫൺ ക്ലബ്ബി’ലെ കുട്ടികളുമായും രക്ഷിതാക്കളുമായും മുതുകാട് സംവദിച്ചു. വളരെ പെട്ടെന്ന് സംഘടിപ്പിച്ച പരിപാടിയിൽ നിറയെ കുട്ടികളടങ്ങിയ സദസിനെ കണ്ടതിൽ തനിക്ക് ആശ്ചര്യവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോഴിക്കോടെൻസ് അഡ്മിൻ ലീഡ് മുനീബ് പാഴൂർ അധ്യക്ഷനായിരുന്നു. ഫൗണ്ടർ ഒബ്‌സർവർ മിർഷാദ് ബക്കർ ബൊക്ക നൽകി മുതുകാടിനെ സ്വീകരിച്ചു. മുൻ ചീഫ് ഓർഗനൈസർമാരായ അർഷദ് ഫറോക്ക്, സഹീർ മുഹ്‌യുദ്ദീൻ, പ്രോഗ്രാം കൺവീനർ റാഫി കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുത്തു. ഷമീം മുക്കം, മുസ്തഫ നെല്ലിക്കാപറമ്പ്, യതി മുഹമ്മദ്, ഫൈസൽ പൂനൂർ പരിപാടിക്ക് നേത്രത്വം നൽകി. പ്രോഗ്രാം ലീഡ് ഹർഷാദ് എംടി സ്വഗതവും ഫാമിലി ലീഡ് ലത്തീഫ് ഓമശേരി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news