ന്യൂഡൽഹി:അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം ശിക്ഷ വിധിച്ച വിധിക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു.
ഇതോടെ എംപി സ്ഥാനത്ത് നിന്നുള്ള രാഹുലിന്റെ അയോഗ്യത നീങ്ങുകയും എംപി സ്ഥാനം അദ്ദേഹത്തിന് തിരിച്ച് കിട്ടുകയും ചെയ്യും. കേസില്‍ രണ്ട് വര്‍ഷത്തെ പരമാവധി ശിക്ഷയാണ് വിചാരണ ജഡ്ജി വിധിച്ചത്, ശിക്ഷ ഒരു ദിവസത്തില്‍ കുറവായിരുന്നെങ്കില്‍ അയോഗ്യത വരില്ലായിരുന്നുവെന്നും സുപ്രീം കോടതി വിധിയില്‍ നിരീക്ഷിച്ചു.
“അയോഗ്യതയുടെ അനന്തരഫലങ്ങള്‍ വ്യക്തിയുടെ അവകാശത്തെ മാത്രമല്ല, വോട്ടര്‍മാരെയും ബാധിക്കുന്നു,” സുപ്രീം കോടതി വിധിയിലൂടെ വ്യക്തമാക്കി. ഹരജിക്കാരന്റെ വാക്കുകള്‍ നല്ല രീതിയിലുള്ളതല്ലെന്നതില്‍ സംശയമില്ലെന്നും, പ്രസംഗം നടത്തുന്നതില്‍ ഹര്‍ജിക്കാരൻ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു.
അരമണിക്കൂറിലേറെ നീണ്ട രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് സുപ്രീം കോടതി രാഹുലിന്റെ ഹര്‍ജിയില്‍ വിധി പുറപ്പെടുവിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമായി രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കാനുള്ള അവസാന അവസരമാണിതെന്നും രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി കോടതിയില്‍ വാദിച്ചു. കോടതി വിധി കാരണം പാര്‍ലമെന്റിന്റെ രണ്ട് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.