പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍; മൂന്ന് മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ യുഡിഎഫ്

ന്യൂഡല്‍ഹി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെ.പി.സി.സി.പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എ.ഐ.സി.സി. ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.

പ്രചാരണത്തിന് വലിയ ടീമിനെ അടുത്ത ദിവസം കെ.പി.സി.സി. പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ബുധനാഴ്ച മുതല്‍ ചാണ്ടി ഉമ്മൻ പ്രചാരണരംഗത്ത് ഉണ്ടാവും. കേരളത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി സ്നേഹത്തിന്റെ നീരുറവ ഉണ്ടാക്കിയെടുക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. രാഹുല്‍ഗാന്ധി ഇന്ത്യൻ ജനകോടികള്‍ക്ക് പകര്‍ന്നുകൊടുത്ത സ്നേഹവായ്പിന്റെ വികാരം തിരഞ്ഞെടുപ്പ് രംഗത്ത് ഉപയോഗപ്പെടുത്താൻ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാവും. ജനപിന്തുണയുണ്ടാവും. ഉമ്മൻചാണ്ടിയുടെ വിതുമ്പുന്ന ഓര്‍മ്മകള്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്തും തിരഞ്ഞെടുപ്പ് രംഗത്തും സക്രിയമായി സമൂഹമധ്യത്തില്‍ ഉണ്ടാവും. ജനമനസുകളെ സ്വാധീനിക്കുന്ന

ഘടകമായി ഉമ്മൻചാണ്ടിയുടെ ഓര്‍മകള്‍ മാറും. വൻഭൂരിപക്ഷത്തില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ വിജയിച്ചുവരുമെന്നാണ് പ്രത്യാശയെന്നും സുധാകരൻ പറഞ്ഞു.

എത്രഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, അങ്ങനെയൊരു കണക്ക് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങി, സാഹചര്യം പഠിച്ചശേഷം എത്രഭൂരിപക്ഷമെന്ന് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഭാവികമായും സര്‍ക്കാരിന്റെ വിലയിരുത്തലാണ് തിരഞ്ഞെടുപ്പ്. ഇതുപോലെ ഗതികെട്ട, നാണംകെട്ട സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. ഇടതുപക്ഷ സര്‍ക്കാരില്‍ പോലും ഇതുപോലൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. ആ സര്‍ക്കാരിന്റെ വിധിയെഴുത്ത് തന്നെയാകും തിരഞ്ഞെടുപ്പെന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം ഉമ്മൻചാണ്ടിയോടുള്ള മനസില്‍ തട്ടിയുള്ള കൂറും ജനത്തിന്റെ പ്രതികരണമായി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news