ന്യൂഡല്‍ഹി: നിർണ്ണായകമായ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 7 ന് മിസോറാമില്‍ വോട്ടെടുപ്പ് നടക്കുന്നതോടെ തിരഞ്ഞെടുപ്പുകള്‍ക്ക് തുടക്കമാകും. ചത്തീസ്ഗഡില്‍ നവംബര്‍ 7നും 17നും വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശില്‍ നവംബര്‍ 17, രാജസ്ഥാനില്‍ നവംബർ 23, തെലങ്കാന നവംബർ 30 എന്നീ തിയതികളിലായിരിക്കും വോട്ടെടുപ്പ്. അഞ്ച് സംസ്ഥാനങ്ങലിലേയും വോട്ടെണ്ണല്‍ ഡിസംബർ മൂന്നിന് അറിയാം.
അഞ്ച് സംസ്ഥാനങ്ങളിലെ 679 മണ്ഡലങ്ങളിലായി ആകെ 16 കോടിയില്‍ അധികം വോട്ടർമാരാണുള്ളത്. 60.2 ലക്ഷം പേർ കന്നി വോട്ടർ മാരാണ്. സ്ത്രീ വോട്ടർമാരുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മധ്യപ്രദേശിലെ ആദിവാസികൾക്കായി റിസർവ് ഫോറസ്റ്റ് ഏരിയകളിലും സങ്കേതങ്ങളിലും പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. മിസോറാമിലെ ഉള്‍നാടന്‍ മേഖലയിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പോളിങ് സ്റ്റേഷനുകളുള്ളത് – 64523. മിസോറാമില്‍ 1276 പോളിങ് സ്റ്റേഷനുകള്‍ മാത്രമാണുള്ളത്. 1.01 ലക്ഷം സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് സജ്ജീകരിക്കും. രാഷ്ട്രീയ പാർട്ടികള്‍ സംഭാവനകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണം. വാർഷിക റിപ്പോർട്ടും രാഷ്ട്രീയ പാർട്ടികള്‍ സമർപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.