റിയാദ്: സൗദിയിലെ റിയാദിൽ ഫർണ്ണിച്ചർ ഗോഡൗണിനു തീപിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂർ വഴിക്കടവ് തോട്ടും കടവത്ത് സ്വദേശി അബ്ദുൽ ജിഷാർ (39) ആണ് മരണപ്പെട്ടത്. റിയാദിലെ ഷിഫയിൽ ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കായിരുന്നു സംഭവം.തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അവിടെ നിന്ന് അബ്‌ദുൾ ജിഷാർ പണിയെടുത്തിരുന്ന സോഫാസെറ്റ് നിർമ്മാണ ഗോഡൗണിലേക്ക് തീ പടരുകയുമായിരുന്നു.തീ പടരുന്നത് കണ്ട് മറ്റു സഹപ്രവർത്തരായ ജോലിക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടങ്കിലും, അകലെ നിന്ന് ഫോൺ ചെയ്യുകയായിരുന്ന ജിഷാറിന് തീ ആളി പടരുന്നത് കാണാൻ കഴിഞ്ഞിരുന്നില്ല. നിമിഷനേരം കൊണ്ട് തന്നെ ഗോഡൗണിലേക്ക് തീ ആളി പടരുകയായിരുന്നു. ഉടനെ എത്തിയ അഗ്നിശമന രക്ഷാവിഭാഗവും പോലീസും ചേർന്ന് തീ അണച്ചതിന് ശേഷമാണ് മൃതദേഹം പുറത്ത് എത്തിക്കാൻ സാധിച്ചത്.
ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള മയ്യിത്തിന്റെ നടപടികളുമായി കെ.എം.സി.സി പ്രവർത്തകരായ ഉമർ അമാനത്ത്, ഷൗകത്ത്, ജംഷി എന്നിവർക്ക് പുറമെ മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡണ്ട് സിദ്ദിഖ് കല്ലുമ്പറമ്പൻ, ഷാനവാസ് ഒതായി എന്നിവർ രംഗത്തുണ്ട്.
ഒരാഴ്ച മുൻപാണ് ജിഷാർ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. സാമൂഹിക പ്രവർത്തനായ ജിഷാർ ഒ.ഐ.സി.സി മലപ്പുറം ജില്ലാ അംഗമാണ്.
പിതാവ്: അബ്ദുൽ റഹിമാൻ. മാതാവ്: മറിയുമ്മ ഭാര്യ: സക്കിറ മക്കൾ: അഫീഫ, റൂബ, ആമീർ, അനു.