ബില്‍ക്കിസ് ബാനു കേസ്; പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ നടപടി സുപ്രീംകോടതി റദ്ദാക്കി: 11 പേരും വീണ്ടും ജയിലേക്ക്

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി. കേസിലെ 11 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി.കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്‍റെ തീരുമാനത്തെ ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റീസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

പ്രതികളെ വിട്ടയയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തേക്കാള്‍ കേസിന്‍റെ വിചാരണ നടന്ന സ്ഥലത്തിനാണ് പ്രാധാന്യം. വിചാരണ നടന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ സര്‍ക്കാരിനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശമെന്ന് കോടതി വ്യക്തമാക്കി.
വിചാരണ നടന്ന സ്ഥലത്തെ സര്‍ക്കാരിനാണ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ അവകാശമെന്ന് നേരത്തേ സുപ്രീംകോടതി വിധിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ‌പല കാര്യങ്ങളും മറച്ചുവച്ച്‌ കോടതിയെ പോലും തെറ്റിദ്ധിപ്പിച്ചാണ് പ്രതികള്‍ നേരത്തേ അനുകൂല വിധി നേടിയതെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുമായി ഒത്തുകളിച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍ നിയമവ്യവസ്ഥയെ അട്ടിമറിച്ചു. ഇല്ലാത്ത അധികാരമാണ് സര്‍ക്കാര്‍ ഉപയോഗിച്ചത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണമെന്നും കോടതി പറഞ്ഞു.

2022 ഓഗസ്റ്റ് 15നാണ് കേസിലെ പ്രതികളായ
ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നീ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്.

മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് ഇവരെ ശിക്ഷിച്ചത്. 15 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം പരിഗണിക്കാൻ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് പഞ്ചമഹല്‍സ് കലക്ടര്‍ സുജാല്‍ മായാത്രയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം.

ബില്‍ക്കിസ് ബാനു 5 മാസം ഗര്‍ഭിണിയായിരിക്കെയാണ് കലാപകാരികളില്‍ നിന്ന് രക്ഷപ്പെടാൻ ബന്ധുക്കളോടൊപ്പം ഒളിച്ചുപോയത്. 2002 മാര്‍ച്ച്‌ 3- ന് അക്രമികള്‍ ഇവരെ കണ്ടെത്തുകയും 7 പേരെ കൊലപ്പെടുത്തുകയും ബില്‍ക്കിസ് ബാനുവിനെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ബാനുവിനൊപ്പം ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കണ്‍മുന്നില്‍ വച്ച്‌ കൊലപ്പെടുത്തിയതിനും അവള്‍ സാക്ഷിയായി. മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട ബാനുവിനെ 3 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്.

spot_img

Related Articles

Latest news