തിരുവനന്തപുരം : ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേന്ദ്രവിരുദ്ധ സമരം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ നുണ പറഞ്ഞ് പറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ മാത്രമാണെന്ന് പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ പ്രതിസന്ധിക്കുള്ള കാരണങ്ങളില്‍ ഒന്നു മാത്രമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ് പ്രധാന കാരണം. അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് കേരളത്തെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചത്. അത് മറയ്ക്കാനാണ് മുഖ്യമന്ത്രിയും സംഘവും ശ്രമിക്കുന്നത്. 57800 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചകളളമാണ്. അതിനാലാണ് പ്രതിപക്ഷം ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുക്കാത്തത്. ദീര്‍ഘവീക്ഷണമില്ലാത്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ് വലിയ ധനപ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. എന്നിട്ടും കടമെടുപ്പ് പരിധി പാടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇങ്ങനെ പോയാല്‍ കേരളത്തിന്റെ സ്ഥിതിയെന്താകുമെന്ന് പ്രവചിക്കാന്‍ പോലും കഴിയില്ലെന്നും സതീശന് പറഞ്ഞു.
കേന്ദ്രത്തിനെതിരെ കർണ്ണാടക സർക്കാർ പ്രതിഷേധിച്ചത് പതിനാലാം ധനകമ്മീഷനിലേയും പതിനഞ്ചാം ധനകമ്മീഷനിലേയും സംസ്ഥാന വിഹിതത്തിലെ അന്തരം സംബന്ധിച്ചാണ്. വരള്‍ച്ചാ ദുരിതാശ്വം ലഭിക്കാത്തതും കര്‍ണ്ണാടകം ഉന്നയിച്ചിട്ടുണ്ട്. ക്ഷേമപെന്ഷന് പോലും നല്‍കാത്ത കേരളം പോലെയല്ല അവിടത്തെ സര്‍ക്കാര്‍. എട്ട് മാസം കൊണ്ട് നാല് പ്രധാന ജനക്ഷേമ പദ്ധതികളാണ് നടപ്പാക്കിയത്. അതുപോലെയല്ല ഇവിടത്തെ സ്ഥിതിയെന്നും സതീശന് പറഞ്ഞു.
കേന്ദ്രത്തിലെ സംഘപരിവാറിന്റേയും കേരളത്തിലെ സിപിഎമ്മിന്റേയും ഇടയിലുളള ഇടനിലക്കാരനാണ് കേന്ദ്രമന്ത്രി വി.മുരളീധരനെന്ന് സതീശന്. എന്ത് പ്രതിസന്ധിയുണ്ടായാലും രാത്രയാകുമ്പോള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് എല്ലാം ഒത്തുതീര്‍പ്പാക്കുകയാണ്. പിണറായിക്കെതിരെ ഏത് കേന്ദ്രഏജന്‍സി വന്നാലും മുരളീധരന് ഇടപെട്ട് അട്ടിമറിക്കുകയാണ്. ഇത് തന്നെയാണ് സ്വര്‍ണ്ണകടത്തിലും ലൈഫ്മിഷനിലും കരുവന്നൂരിലും കണ്ടത്. ഇതിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേട്ടമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പകലൊന്നും രാത്രി മറ്റൊന്നും പറയുന്നതാണ് മുരളീധരന്റെ രീതി. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് എല്ലായിപ്പോഴും ഒരു അഭിപ്രാമേയുള്ളൂ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ എസ്എഫ്ഐഒയുടെ അന്വേഷണം പ്രതിപക്ഷം സൂക്ഷമമായി നിരീക്ഷിക്കുമെന്നും സതീശന് വ്യക്തമാക്കി.