കോട്ടയം: ശസ്ത്രക്രിയക്ക് നീക്കിയ യുവാവിന്റെ തലയോട്ടിയുടെ ഒരുഭാഗം നാലുമാസമായി ആശുപത്രി ഫ്രീസറില്‍. പണമില്ലാത്തതിനാല്‍ തലയോട്ടിയുടെ ഭാഗം പുനഃസ്ഥാപിക്കാന്‍ ആശുപത്രി തയാറാകുന്നില്ലെന്ന് ആക്ഷേപം. ഏറ്റുമാനൂര്‍ പട്ടിത്താനം പ്രണവം വീട്ടില്‍ കൃഷ്ണന്‍കുട്ടി നായരുടെ മകന് ബിനു കെ. നായരാണ് (42) ദുരവസ്ഥയുടെ ഇര. ഒന്നരലക്ഷം രൂപ നല്‍കിയാലേ ശസ്ത്രക്രിയയിലൂടെ തലയോട്ടിയുടെ ഭാഗം പുനഃസ്ഥാപിക്കൂവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്ന് ബിനുവിന്റെ ഭാര്യ സൗമ്യ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
ഏറ്റുമാനൂരിലെ സ്വകാര്യ റബര്‍ കമ്പനി ജീവനക്കാരനായിരുന്ന ബിനു കെ. നായരെ നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 29നാണ് ഭാരത് ആശുപത്രിയില്‍ എത്തിച്ചത്. അന്നുതന്നെ ആന്‍ജിയോപ്ലാസ്റ്റി നടത്തി. കടുത്ത തലവേദനയെത്തുടര്‍ന്ന് 31ന് ഓര്മ നഷ്ടപ്പെട്ടതോടെ സി.ടി സ്കാന്‍ ചെയ്തു.
തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തരമായി തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. തലയില്‍ നീരുവന്നതിനാല്‍ തലയോട്ടിയുടെ ഒരുഭാഗം ആശുപത്രിയിലെ ഫ്രീസറില്വെച്ചു. നീരുമാറിയ ശേഷമേ തിരിച്ചുവെക്കാനാവൂ എന്നാണ് പറഞ്ഞിരുന്നത്. 23 ദിവത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
എന്നാല്‍, നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ജറി നടത്തി തലയോട്ടിയുടെ ഭാഗങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാകുന്നില്ല. ചികിത്സ നല്കിയ ഡോക്ടര്‍ ശസ്ത്രക്രിയക്ക് തയാറാണെങ്കിലും പണം നല്കിയാല് മാത്രമേ സര്‍ജറി നടത്താനാവൂ എന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഇ.എസ്.ഐ സൗജന്യ ചികിത്സ അനുവദിച്ചിട്ടുള്ള ആശുപത്രിയായതിനാല്‍ ഫെബ്രുവരിയില്‍ ഇ.എസ്.ഐ റീജനല്‍ ഡയറക്ടര്‍ക്ക് പരാതി നല്കി.
തുടര്‍ന്ന് പ്രത്യേക കേസായി പരിഗണിച്ച് ചികിത്സ നല്കാന് സംസ്ഥാന മെഡിക്കല്‍ ഓഫിസര്‍ വടവാതൂര്‍ ഇ.എസ്.ഐ സൂപ്രണ്ടിന് നിര്‍ദേശം കൊടുത്തു. എന്നാല്‍, സൂപ്രണ്ടും ജില്ല ലേബര്‍ ഓഫിസറും ഇടപെട്ടിട്ടും ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. കോവിഡ് സാഹചര്യത്തില്‍ അണുബാധയുടെ ഭീതിയുള്ളതിനാല്‍ മറ്റൊരു ആശുപത്രിയെ സമീപിക്കാനും ഇവര്‍ക്ക് ധൈര്യമില്ല. ഗ്ലൗസ് നിര്‍മിക്കുന്ന ഫാക്ടറിയിലെ ജീവനക്കാരിയായിരുന്ന സൗമ്യ ഭര്‍ത്താവിനെ ഒറ്റക്കാക്കി പോകാന്‍ കഴിയാത്തതിനാല്‍ ജോലി ഒഴിവാക്കി. 10, ഏഴ്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് മക്കളാണിവര്‍ക്ക്. .
എന്നാൽ യുവാവിന്റെ ശസ്ത്രക്രിയക്ക് പണമാവശ്യപ്പെട്ടെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് ഭാരത് ആശുപത്രി എം.ഡി ഡോ. വിനോദ് പറഞ്ഞു. തലയോട്ടിയുടെ ഭാഗം മുറിച്ചുമാറ്റുന്നത് അപൂര്‍വ ശസ്ത്രക്രിയ അല്ല. ചിലര്‍ക്ക് അത് തിരിച്ചുവെക്കാറുണ്ട്. രോഗിയുടെ ശാരീരികാവസ്ഥ വിലയിരുത്തിയാണ് അത് ചെയ്യുന്നത്.
അവരോട് ആശുപത്രിയില്‍ ചികിത്സ നടത്താനാകില്ലെന്ന് പറഞ്ഞിരുന്നു. ഇ.എസ്.ഐ പരിധിയിലുള്ള മറ്റേതെങ്കിലും ആശുപത്രിയില്‍ ചികിത്സ നടത്താം. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞയാള്‍ക്ക് രണ്ടാമതൊരു ശസ്ത്രക്രിയ നടത്തുന്നത് അപകടമാണ്.
ന്യൂറോ സര്‍ജറി ഇ.എസ്.ഐ പരിധിയിയിലുള്പ്പെടുന്നുമില്ല. കാര്‍ഡിയാക് പേഷ്യന്റ് ആയിട്ടാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ തലച്ചോറില്‍ രക്തസ്രാവം കണ്ടതിനെത്തുടര്‍ന്ന് മറ്റ് ആശുപത്രിയിലേക്ക് പറഞ്ഞുവിടാതെ അടിയന്തരമായി ശസ്ത്രക്രിയ നടത്തിയത് മാനുഷിക പരിഗണന വെച്ചാണെന്നും ഡോ. വിനോദ് പറഞ്ഞു.