‘നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, എന്തിനുംഎന്നെ വിളിക്കാം’; അജിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച്‌ രാഹുല്‍

വയനാട്: ‘നിങ്ങള്‍ക്കൊപ്പം ‘ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം’… അജിയുടെ ഒൻപതു വയസുകാരനായ മകൻ അലനെ ചേർത്തുനിർത്തി രാഹുല്‍ഗാന്ധി പറഞ്ഞപ്പോള്‍ അജിയുടെ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു.

അജിയുടെ മക്കള്‍ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവർക്കുണ്ടാകും. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കർണാടക സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിനു എല്ലാ പിന്തുണയുമുണ്ടാകും – രാഹുല്‍ഗാന്ധി പറഞ്ഞു. അജിയുടെ അച്ഛൻ ജോസഫ്, അമ്മ എല്‍സി, ഭാര്യ ഷീബ, മകള്‍ അല്‍ന മറ്റു കുടുംബാംഗങ്ങള്‍ എന്നിവരുമായും രാഹുല്‍ഗാന്ധി സംസാരിച്ചു.

ഞായറാഴ്ച രാവിലെ 7.35-ഓടെയാണ് രാഹുല്‍ഗാന്ധി അജിയുടെ വീട്ടിലെത്തിയത്. വീടിനകത്തു കയറി കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം 7.55 – ഓടെ ഇറങ്ങി. മാധ്യമങ്ങളോട് സംസാരിക്കാൻ രാഹുല്‍ഗാന്ധി തയ്യാറായില്ല. രാവിലെ കണ്ണൂരില്‍ നിന്ന് കാർ മാർഗമാണ് രാഹുല്‍ ഗാന്ധി പയ്യമ്പള്ളി പടമല ചാലിഗദ്ദയിലെ പനച്ചിയില്‍ അജിയുടെ വീട്ടിലെത്തിയത്.കഴിഞ്ഞ ശനിയാഴ്ചയാണ് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിന്ന് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷി(47)നെ കാട്ടാന ചവിട്ടിക്കൊന്നത്.

ഇതിനിടെ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ശനിയാഴ്ചയും വിജയിച്ചിട്ടില്ല. തോല്പെട്ടി വന്യജീവി സങ്കേതത്തിനുള്ളിലെ കൂടല്‍ വനത്തിലാണ് ശനിയാഴ്ച ദൗത്യസംഘം ആനയ്ക്കടുത്ത് എത്തിയത്.പത്തുമീറ്റർ വരെ അടുത്തെത്തിയെങ്കിലും ബേലൂർ മഖ്നയും കൂടെയുണ്ടായിരുന്ന മോഴയാനയും ദൗത്യസംഘത്തിനുനേരെ തിരിഞ്ഞു. കൂടെയുണ്ടായിരുന്ന മോഴയെ ദൗത്യസംഘം ഓടിച്ചെങ്കിലും ബേലൂർ മഖ്ന ദൗത്യസംഘത്തിനുനേരെ കുതിച്ചെത്തി. കോന്നി സുരേന്ദ്രൻ, വിക്രം എന്നീ കുങ്കിയാനകളാണ് ദൗത്യസംഘത്തിന്റെ രക്ഷകരായത്. ഒരു കുങ്കിയാനയെ ബേലൂർ മഖ്ന ആക്രമിക്കുകയും ചെയ്തു. എന്നാല്‍, പരിക്കൊന്നുമില്ല.

ബേലൂർ മഖ്ന ദൗത്യം രണ്ടാംവാരത്തിലേക്ക് നീണ്ടിരിക്കയാണ്. വെള്ളിയാഴ്ച രാത്രി 7.30-ഓടെ ഇല്ലിക്കൂട്ടങ്ങളും തേക്കുമരങ്ങളും ഇടകലർന്ന കടവയല്‍ വനപ്രദേശത്താണ് ആന നിലയുറപ്പിച്ചത്. ശനിയാഴ്ച പുലർച്ചെ 4.30-ഓടെ മണ്ണുണ്ടി കോളനി പരിസരത്തെ കാളിന്ദിനദിയോടു ചേർന്ന വനമേഖലയിലെത്തിയതായി സിഗ്നല്‍ ലഭിച്ചു. രാവിലെ ആറോടെ ഇരുമ്പുപാലം പ്രദേശം കടന്ന് ബേഗൂർ വനമേഖലയിലേക്കും ബാവലി,പുഞ്ചവയല്‍ വനപ്രദേശങ്ങളിലേക്കും ആന നീങ്ങി. ഉച്ചയ്ക്കുശേഷമാണ് തോല്പെട്ടി കൂടല്‍ വനത്തിലെത്തിയത്. ദൗത്യം ഇന്നും തുടരുന്നു.

spot_img

Related Articles

Latest news