തിരുവനന്തപുരം: പേട്ടയില്‍ നിന്നു ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസായ മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കൊല്ലം സ്വദേശി ഹസന്കുട്ടിയെന്നു പോലീസ്.കൊല്ലം ചിന്നക്കടയില്‍ നിന്നാണ് പ്രതിയെ ഇന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും നേരത്തെ പോക്സോ കേസില്‍ ശിക്ഷ അനുഭവിച്ചയാളാണെന്നും വ്യക്തമായതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.
അലഞ്ഞു തിരിഞ്ഞുനടക്കുന്ന പ്രകൃതമുള്ളയാളാണ് പിടിയിലായ ഹസന്‍കുട്ടി. കുട്ടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. കരഞ്ഞപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയും തുടര്‍ന്ന് ബോധം നഷ്ടമായതോടെ ഉപേക്ഷിക്കുകയായിരുന്നു. 2022-ല്‍ മിഠായി നല്‍കാമെന്നു പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 12നാണ് ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. പോക്സോ കേസുള്‍പ്പെടെ നേരത്തെ പത്തിലധികം കേസ് ഇയാള്‍ക്കെതിരെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസിപി നിധിന് രാജിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സിറ്റി ഷാഡോ സംഘമാണ് തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയില്‍നിന്ന് പ്രതിയെ പിടികൂടിയത്. പ്രതി പോയ സ്ഥലങ്ങളെ സിസിടിവി അടക്കുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത്.
ഫെബ്രുവരി 19നാണ് കുട്ടിയെ പേട്ടയില്‍ നിന്നും കാണാതായത്. ബിഹാര്‍ സ്വദേശികളായ അമര്‍ദിപ്- റബീന ദേവി ദമ്പതികളുടെ രണ്ടുവയസുകാരിയായ മകള്‍ മേരിയെയായിരുന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് കാണാതായത്. പേട്ട ഓള് സെയ്ന്റ്സ് കോളേജിന് സമീപത്തു മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്.
തുടര്‍ന്നുള്ള തിരച്ചിലിനൊടുവില്‍ 19 മണിക്കൂറിന് ശേഷമായിരുന്നു കുട്ടിയെ കണ്ടെത്തിയത്. രാത്രി ഏഴരയോടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഓടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ രാത്രിയോടെ കുട്ടിയെ ഈ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞതാകാനാണ് സാധ്യതയെന്നാണ് പോലീസ് അന്ന് പറഞ്ഞത്.മണ്ണന്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ജനോഷാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്ന ടെന്റിന് അര കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നാണ് കുട്ടിയെ കണ്ടെത്തിയ സ്ഥലം. കാടുപിടിച്ച ഓടയ്ക്കുള്ളില്‍ അബോധാവസ്ഥയില്‍ മലര്‍ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു കുഞ്ഞ്.