കോഴിക്കോട് : തിരഞ്ഞെടുപ്പ് അടുക്കുംതോറും പ്രചാരണത്തിൽ വേഗത കൂട്ടി സ്ഥാനാർത്ഥികൾ. കോഴിക്കോട് ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കമായി. മടവൂർ പഞ്ചായത്തിലെ ചെറുവാലത്ത് താഴത്തായിരുന്നു ആദ്യ സ്വീകരണം. രാവിലെ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ വർണക്കുടകളുമായി സ്ഥാനാർത്ഥിയെ വരവേറ്റു. പൈമ്പാലിശ്ശേരിയും ചെങ്ങോട്ടുപൊയിലും കടന്ന് പാലങ്ങാട് എത്തിയപ്പോൾ വെടിക്കെട്ടുമായി വരവേൽപ്പ്. ചളിക്കോടും മറിവീട്ടിൽതാഴത്തും സ്വീകരണം .
കൊടുവള്ളി ഗവ. കോളേജിൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ജീവനക്കാരെയും നേരിൽകണ്ട് വോട്ടഭ്യർഥന. താമരശേരി ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസിലും വോട്ട് തേടി. താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചാനിയലിനെ സന്ദർശിച്ചു. കൊടുവള്ളി കെ.എം.ഒ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ വോട്ടഭ്യർത്ഥിച്ചു. പരപ്പൻപൊയിലിൽ ഘോഷയാത്രയിൽ പങ്കെടുത്തു,.
തീരദേശത്തിന്റെ തുടിപ്പറിഞ്ഞായിരുന്നു യു.ഡി.എഫ് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എം.കെ രാഘവന്റെ പര്യടനം. എലത്തൂർ നിയമസഭാ മണ്ഡലത്തിൽ ഇന്നലെ നടന്ന കുടുംബയോഗങ്ങളിൽ എത്തിയ വോട്ടർമാരുമായി സ്ഥാനാർത്ഥി ഹൃദയബന്ധം പുതുക്കി. എലത്തൂർ ബീച്ചിന് സമീപം മാട്ടുവയലിലായിരുന്നു ആദ്യ കുടംബയോഗം.
തുടർന്ന് എലത്തൂർ മണ്ഡലത്തിലെ കമ്പിവളവിൽ കുടുംബയോഗത്തിലേക്ക് എം.കെ. രാഘവൻ പുറപ്പെട്ടു. കാലത്ത് മത്സ്യതൊഴിലാളികളുമായി സ്ഥാനാർത്ഥി സംവദിച്ചു. കമ്പിവളവിലെ കുടുംബ യോഗത്തിൽ സ്ഥാനാർത്ഥിയെ കാണാനായി നിരവധി പേരാണ് ഒത്തുചേർന്നത്. എലത്തൂർ ജട്ടി റോഡിലെ കുടുംബയോഗത്തിൽ പങ്കെടുത്തു. എലത്തൂരിലെ പാർട്ടി ശക്തി കേന്ദ്രത്തിലെ സി.പി.എം പ്രവർത്തകനായ എൻ. രാഹുൽ കോൺഗ്രസിൽ ചേർന്നു. എരഞ്ഞിക്കൽ കണ്ടകുളം, പുത്തൂർ, മുകവൂർ, പെരുന്തുരുത്തി എന്നീ കുടുംബയോഗങ്ങളിലും എംകെ .രാഘവൻ സംബന്ധിച്ചു. ഉച്ചയോടെ തലകുളത്തൂർ പഞ്ചായത്തിലെ പുറക്കാട്ടിരി, പറമ്പത്ത്, വി.കെ .റോഡ്, അന്നശ്ശേരി കുടുംബ സംഗമങ്ങളിലും സ്ഥാനാർത്ഥിയെത്തി. നന്മണ്ട പഞ്ചായത്തിലെ ചീക്കലോട്, മാവരുകണ്ടി മുക്ക്, അമ്പലപ്പൊയിൽ എന്നിവിടങ്ങളിലും കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ, രാമല്ലൂർ, പിസി പാലം എന്നിവിടങ്ങളിലും ചേളന്നൂർ പഞ്ചായത്തിലെ ചിറക്കുഴി, പള്ളിപൊയിൽ, ഗുഡ്ലക്ക് ലൈബ്രറി, നെല്ല്യാത്ത് താഴം, കക്കോടി പഞ്ചായത്തിലെ വളപ്പിൽ താഴം, കരോത്ത് താഴം, ബദിരൂർ താഴം, മോരിക്കര എന്നിവിടങ്ങളിലും കുരുവട്ടൂർ പഞ്ചായത്തിലും യു.ഡി.എഫ് കുടുംബ സംഗമങ്ങൾ നടന്നു.
വടകര മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടിയിൽ പ്രചാരണം നടത്തി. ചെങ്ങോട്ട്കാവ് ടൗണിൽ വോട്ടഭ്യർത്ഥിച്ചു. കൊയിലാണ്ടി ടൗൺ ഓട്ടോ ഡ്രൈവർമാരുമായി സംവദിച്ചു. തുടർന്ന് കോയിലാണ്ടി ബാർ അസോസിയേഷൻ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. കൊയിലാണ്ടി എസ് .എൻ. ഡി. പി കോളേജിലെത്തി വിദ്യാർത്ഥികളോട് വോട്ടഭ്യർത്ഥിച്ചു. ചേമഞ്ചേരി ഖാദി, ഏഴുകുടിക്കൽ ബീച്ച് എന്നിവിടങ്ങളിൽ പര്യടനം നടത്തി. പയ്യോളിയിൽ റോഡ് ഷോ നടത്തി. എൽ.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർത്ഥി കെ.കെ.ശൈലജ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ പ്രചാരണം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിദേശത്താണ്.