സജീവരാഷ്ട്രീയപ്രവര്‍ത്തകരല്ലാത്ത നിരവധി താരങ്ങള്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സി.പി എമ്മിനും, കോണ്‍ഗ്രസിനും, ബി.ജെ.പിക്കും വേണ്ടിയാണ് കൂടുതല്‍ പ്രമുഖരും വോട്ട് ചോദിച്ചിറങ്ങുക. പലരുടേയും മണ്ഡലം ഏതാണെന്ന് വരെ ഇതിനകം രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.
സിനിമാതാരം ധര്മ്മജന് ബോള്‍ഗാട്ടി കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇറങ്ങുമെന്ന് ഉറപ്പ്. ബാലുശ്ശേരിയിലാവാനാണ് എല്ലാ സാധ്യതകളും. തൃപ്പൂണിത്തുറയില്‍ എം. സ്വരാജിനെ പിടിച്ചുകെട്ടാന്‍ രമേശ് പിഷാരടിക്ക് കഴിയുമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിലുണ്ട്. ഇടവേള ബാബു, മേജര്‍ രവി, സലീം കുമാര്‍ എന്നിവരില്‍ ഒരാളെക്കൂടി സിനിമയില്‍ നിന്ന് കോണ്‍ഗ്രസ് ഇറക്കാനാണ് സാധ്യത. ബിജു മേനോനെയും സുരാജ് വെഞ്ഞാറമൂടിനേയും കൂടെകൂട്ടാനുള്ള ശ്രമങ്ങളും നടത്തുന്നു. നയതന്ത്ര വിദഗ്ധന്‍ വേണു രാജമണി വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ട്.
മുകേഷ്, വീണാ ജോര്‍ജ് എന്നിവരെ നിലനിര്‍ത്തി കൂടുതല്‍ പ്രമുഖരെ ഇറക്കുകയാണ് സി.പി.എം ലക്ഷ്യം. കഴിഞ്ഞ തവണ അഴീക്കോട് തോറ്റ എം.വി നികേഷ് കുമാറിന്റെ പേര് വീണ്ടും ചര്‍ച്ചകളിലുണ്ട്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു. ഷറഫലി ഏറനാട് മത്സരിച്ചേക്കും. വണ്ടൂരില്‍ മലപ്പുറം കളക്ടറായിരുന്ന എം.സി മോഹന്‍ദാസിന്റെ പേര് സജീവ ചര്‍ച്ചകളിലുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന് രഞ്ജിത്തിന്റെ പേരും ഉയരുന്നു.
താരനിര കൂടുതലും ബിജെപിയിലായിരിക്കും. മെട്രോമാന് ഇ. ശ്രീധരന്, ഐഎസ്ആര്‍ഒ മുന്‍ മേധാവി ജി. മാധവന്‍നായര്‍, ഡിജിപിമാരായിരുന്ന ജേക്കബ് തോമസ്, ടി.പി സെന്‍കുമാര്‍ എന്നിവരെല്ലാം മത്സരിച്ചേക്കും. തിരുവനന്തപുരത്ത് എവിടെയെങ്കിലും സുരേഷ്ഗോപിയും മത്സരത്തിനുണ്ടാകുമെന്നാണ് നേതൃത്വം പറയുന്നത്.
തോറ്റ മണ്ഡലങ്ങള്‍ പിടിച്ചെടുക്കലും, വിജയിക്കാന്‍ സാധ്യത കുറവുള്ള മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ച വെക്കലുമാണ് താരങ്ങളെ നിര്‍ത്തുന്നതിന് പിന്നിലെ രാഷ്ട്രീയം.