ടെഹ്റാൻ: ഇസ്രയേലിനെ ആക്രമിച്ച് ഇറാൻ. ഇസ്രയേലിനുനേരെ ഡസണ്‍ കണക്കിന് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചതായി ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് പറഞ്ഞു.ഇറാനില്‍നിന്നും സഖ്യ രാജ്യങ്ങളില്‍നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഡ്രോണ്‍ ആക്രമണം ഇസ്രയേല്‍ സേന സ്ഥിരീകരിച്ചു. ആക്രമണത്തെ നേരിടാൻ ഇസ്രയേല്‍ തയാറെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
ഇസ്രയേല്‍ വ്യോമ മേഖലയും വിമാനത്താവളവും അടച്ചു. ജോർദാനും ഇറാഖും വ്യോമമേഖല അടച്ചിരുന്നു. ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും തൊടുത്തെന്ന് ഇറാനും സ്ഥിരീകരിച്ചു.
സിറിയയിലെ എംബസി ആക്രമണത്തിന്‍റെ പേരില്‍ ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറേനിയൻ എംബസി ആക്രമിച്ച് സൈനിക കമാൻഡർമാർ അടക്കം 13 പേരെ വധിച്ച ഇസ്രയേലിനോടു പ്രതികാരം ചെയ്യുമെന്നാണ് ഇറാൻ പറയുന്നത്.
24 മണിക്കൂറിനുള്ളില്‍ ഇറേനിയൻ ആക്രമണം ഉണ്ടാകുമെന്നാണ് ശനിയാഴ്ച പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. രണ്ടായിരം കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂസ്, ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍റെ പക്കലുണ്ട്.
അതേസമയം ഇറാന്‍റെ ആക്രമണം ഉടനുണ്ടായേക്കുമെന്ന ആശങ്കയ്ക്കിടെ ഇസ്രയേലിനെ സഹായിക്കാനായി അമേരിക്ക രണ്ട് യുദ്ധക്കപ്പലുകള്‍കൂടി കിഴക്കൻ മെഡിറ്ററേനിയനിലേക്ക് അയച്ചിരുന്നു.