തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ മണ്ഡലപര്യടനം പൂര്‍ത്തിയാക്കും.സ്ഥാനാര്‍ത്ഥികളുടെ റോഡ്ഷോയ്ക്ക് ശേഷം വൈകിട്ട് 3 മണിക്ക് മണ്ഡലകേന്ദ്രങ്ങളിലാണ് കലാശക്കൊട്ട്. നാളെ നിശബ്ദപ്രചാരണത്തിന് ശേഷം മറ്റന്നാള്‍ ജനങ്ങള്‍ വിധിയെഴുതും.
കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും ജമ്മുവിലുമടക്കം രാജ്യത്തെ 88 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 26ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. പരസ്യപ്രചാരണത്തിന്‍റെ അവസാന നിമിഷ തയ്യാറെടുപ്പിലാണ് കേരളത്തിലെ മൂന്ന് മുന്നണികളും. കലാശക്കൊട്ടിന് ആവേശം പകരാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. എന്‍ഡിഎ പ്രചാരണം കൊഴുപ്പിക്കാന്‍ അണ്ണാമലൈ വയനാട്ടില്‍ എത്തിച്ചേര്‍ന്നു.
അതേസമയം കടുത്ത മത്സരം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്ത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ചിത്രത്തില്‍ പോലുമില്ലെന്നും മതന്യൂനപക്ഷങ്ങള്‍ അദ്ദേഹത്തെ കൈവിട്ടുവെന്നും വിമര്‍ശിച്ചു.
ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തും. പുന്നപ്ര കാര്‍മല്‍ഗിരി എഞ്ചിനീയറിംഗ് കോളജ് മൈതാനത്താണ് പരിപാടി. കേരളത്തില്‍ അമിത് ഷാ പങ്കെടുക്കുന്ന ഏക തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാണിത് എന്ന പ്രത്യേകതയും ഉണ്ട്.