തിരുവനന്തപുരം: ഇ പി ജയരാജൻ എല്‍ഡിഎഫ് കണ്‍വീനറായി തുടരും. ജയരാജനെതിരെ ഉയരുന്നത് കള്ളപ്രചാരണം ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.കമ്മ്യൂണിസ്റ്റ് വിരോധമാണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു. നിയമപരമായി നേരിടാൻ പാർട്ടി നിർദ്ദേശം നല്‍കി എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വടകരയില്‍ വർഗീയ ധ്രുവീകരണം ഉണ്ടായെന്നും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. തൃശ്ശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്താവും. ഇടത് വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എല്‍ഡിഎഫ് കണ്‍വീനർ കൂടിയായ ജയരാജന് നിർദ്ദേശം നല്‍കിയെന്നും എംവി ഗോവിന്ദൻ അറിയിച്ചു.