തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയിക്കും; 1200 വാർഡുകൾ കൂടും; ഓരോ തദ്ദേശസ്ഥാപനത്തിലും കൂടുന്നത് ഒരു വാർഡ് വീതം

തിരുവനന്തപുരം: അടുത്തവർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയിക്കും. ഇതിലൂടെ 1200 വാർഡുകൾ വരെ വർധിക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാനുപാതികമായി ഒരു വാർഡ് വീതം വർധിപ്പിക്കുന്നതിനുള്ള ഓർഡിനൻസ് അംഗീകരിക്കുന്നതിനു തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി 21,900 ജനപ്രതിനിധികളാണുള്ളത്. വാർഡ് പുനർവിഭജനത്തിനുശേഷം അടുത്തവർഷത്തെ തിരഞ്ഞെടുപ്പിൽ 1200 ജനപ്രതിനിധികൾ വർധിക്കും.

2025 ഒക്ടോബറിലാകും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിനു മുൻപായി തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയിക്കുമെന്നാണ് റിപ്പോർട്ട്.

ഗ്രാമപ്പഞ്ചായത്തുകളിൽ 1000 പേർക്ക് ഒരു വാർഡ് എന്നാണു കണക്ക്. ജനസംഖ്യ വർധിച്ച സാഹചര്യത്തിലാണു ‌‌‌വാർഡ് പുനർനിർണയിക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിൽ നിലവിൽ 15,962 വാർഡുകൾ ഉണ്ട്. പുനർവിഭജനത്തിലൂടെ 941 വാർഡുകൾ കൂടും. 87 മുനിസിപ്പാലിറ്റികളിൽ മട്ടന്നൂർ ഒഴികെയുള്ളവയിലായി 3078 വാർഡും 6 കോർപറേഷനുകളിൽ 414 വാർഡുമുണ്ട്. ഇവയിലും ഓരോ വാർഡ് വീതം കൂടും. മട്ടന്നൂരിലെ വാർഡ് വിഭജനം നേരത്തേ നടന്നിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2080 വാർഡും 14 ജില്ലാ പഞ്ചായത്തുകളിൽ 331 ഡിവിഷനുകളുമാണുള്ളത്.

spot_img

Related Articles

Latest news