താമരശേരി: മൂന്ന് നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 18 വർഷം അനാഥനായി ജീവിച്ച് 5 മാസം മുമ്പ് മരിച്ച സലീമിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് തിരികെ ലഭിച്ചു. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിൽ നിന്നും ഇന്നലെ രാവിലെ 9 ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി ജന്മദേശമായ കോഴിക്കോട് കാന്തപുരത്തേക്ക് കൊണ്ട് പോന്നു. രാത്രി പത്തോടെ കാന്തപുരം സലാമത്ത് നഗർ കൊയിലോത്തു കണ്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.ഭാര്യയും മകനും സലീമിൻ്റെ സഹോദരനും മറ്റു ചില ബന്ധുക്കളുമാണ്കൊല്ലത്തു പോയിരുന്നത്.
കൊല്ലം ജില്ലാആശുപത്രിയിൽവച്ച് മരണപ്പെട്ട 54 കാരനായ സലീം കോഴിക്കോട് കാന്തപുരം മൂണ്ടോ ചാലിൽ അയമ്മദ് കുട്ടി- മറിയം ദമ്പതികളുടെ 9-ാമത്തെ മകനാണ്.
ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സലിം മരിച്ചത്.അഞ്ച് മാസമായിട്ടും ഏറ്റെടുക്കാനാരുമെത്താതെ കിടന്ന മൃതദേഹമാണ് സ്വകാര്യ മെഡിക്കൽ കോളജിന് നൽകിയത്.
കൊല്ലം ജില്ലാ ആശുപത്രിയിൽ സീനിയർ നഴ്സിംഗ് ഓഫീസറായ സുരഭി മോഹൻ കൊല്ലത്തെ മുസ്ലിം മതപുരോഹിതരെ വിളിച്ച് മതാചാരങ്ങൾ നടത്തി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിന് കൈമാറിയ മൃതദേഹം അന്വേഷിച്ചാണ് മൂന്ന് ദിവസം മുമ്പ് ബന്ധുക്കൾ എത്തിയത്.കൊല്ലം ഈസ്റ്റ് സി.ഐ ഹരിലാൽ, എസ്. ഐ ദിൽജിത്ത് എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് മൃതദേഹം വിട്ടുകിട്ടിയതെന്ന്
വ്യാപാരി വ്യവസായി കോൺഗ്രസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻറ് നിഷാദ് അസീസ് ,ഡി. സി .സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, എന്നിവർ പറഞ്ഞു. ജില്ലാ ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും, അവരിൽ നിന്ന് നീതി ലഭിച്ചില്ലെന്നും ഇരുവരും പറഞ്ഞു. അജ്ഞാത മൃതദേഹം എന്ന നിലയിൽ വേണ്ടത്ര പത്രപരസ്യം നൽകിയിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. കൊല്ലത്തെ മുസ്ലിം മത പുരോഹിതരെ തെറ്റിധരിപ്പിച്ചാണ് പ്രാർത്ഥന നടത്തിയതെന്നും ഇവർ ആരോപിച്ചു.എം.എൽ.എ നജീബ് കാന്തപുരവും ഇന്നലെ കൊല്ലത്ത് എത്തി ചർച്ചകൾ നടത്തിയിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസും ബന്ധപ്പെട്ടു.
മദ്രസ അധ്യാപകനായിരുന സലീമിന്
മാനസിക വിഭാന്തി ഉണ്ടായതിനെ തുടർന്ന് 18 വർഷം മുമ്പ് കാണാതാവുകയായിരുന്നു. പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.