കിരീടം റയല്‍ മാഡ്രിഡ് തന്നെ; പതിനഞ്ചാം തവണയാണ് റയല്‍ ചാമ്പ്യൻസ് ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്

ലണ്ടൻ: ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ഇക്കുറി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്.പതിനഞ്ചാം തവണയാണ് റയല്‍ ചാമ്പ്യൻസ് ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. ആദ്യപകുതിയില്‍ ആവേശകരമായ മത്സരമാണ് ഡോർട്ട്മുണ്ട് കാഴ്ച്ചവച്ചതെങ്കിലും ഗോളുകള്‍ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയില്‍ ഫോം വീണ്ടെടുത്ത റയല്‍ മാഡ്രിഡ് രണ്ടുതവണ എതിരാളികളുടെ വല കുലുക്കി. ഡാനി കാർവഹാലും വിനീഷ്യസ് ജൂനിയറുമാണ് റയലിനായി ഗോള്‍ നേടിയത്.

വെംബ്ലിയില്‍ ആക്രമണങ്ങളുമായി ആദ്യം മിനിറ്റുകളില്‍ തന്നെ ഡോർട്ട്മുണ്‍ഡ് കളം നിറഞ്ഞു. എന്നാല്‍ പന്ത് കൈവശം വെച്ച്‌ മുന്നേറാനാണ് റയല്‍ ശ്രമിച്ചത്. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഡോർട്ട്മുണ്‍ഡിന് മുന്നിലെത്താനുള്ള സുവർണാവസരം ലഭിച്ചു. ത്രൂബോള്‍ വഴി ലഭിച്ച പന്തുമായി മുന്നേറിയ ഡോർട്ട്മുണ്‍ഡ് വിങ്ങർ കരിം അഡയമിക്ക് മുന്നില്‍ റയല്‍ ഗോള്‍ കീപ്പർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കോർട്ടുവായേ വെട്ടിയൊഴിഞ്ഞെങ്കിലും ഷോട്ടുതിർക്കുന്നതിന് മുന്നേ ഓടിയെത്തിയ റയല്‍ പ്രതിരോധതാരങ്ങള്‍ ഗോള്‍ നിഷേധിച്ചു. പിന്നാലെ 22-ാം മിനിറ്റില്‍ സ്‌ട്രൈക്കർ ഫുള്‍ക്ബർഗിനും മികച്ച അവസരം ലഭിച്ചു. എന്നാല്‍ പോസ്റ്റില്‍ തട്ടി മടങ്ങി. പിന്നാലെ റയലും ആക്രമണങ്ങള്‍ക്ക് മൂർച്ച കൂട്ടി. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താനായില്ല.

രണ്ടാം പകുതിയില്‍ റയലിന്റെ മുന്നേറ്റം ശക്തമായിരുന്നു. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഡോർട്ട്മുണ്‍ഡ് പ്രതിരോധം ഉറച്ചുനിന്ന് ഗോളവസരങ്ങളെല്ലാം വിഫലമാക്കി. ഡോർട്ട്മുണ്‍ഡിന്റെ ഷോട്ടുകളും റയല്‍ പോസ്റ്റിനെ വിറപ്പിച്ചു. പക്ഷേ ഗോള്‍കീപ്പർ കോർട്ടുവാ മികച്ച സേവുകളുമായി റയലിന്റെ രക്ഷക്കെത്തി. അതിനിടെ 74-ാം മിനിറ്റില്‍ വെംബ്ലിയില്‍ റയലിന്റെ ആദ്യ ഗോളെത്തി. കോർണർ കിക്കില്‍ നിന്ന് മികച്ച ഹെഡ്ഡറില്‍ ഡാനി കാർവഹാല്‍ ഡോർട്ട്മുണ്‍ഡ് വലകുലുക്കി. ഡോർട്ട്മുണ്‍ഡിന്റെ തിരിച്ചടി പ്രതീക്ഷിച്ചുനിന്ന വെംബ്ലി സ്റ്റേഡിയം പിന്നെ കണ്ടത് റയലിന്റെ നിരനിരയായ ആക്രമണങ്ങളായിരുന്നു. അത് പ്രതിരോധിക്കാൻ ഡോർട്ട്മുണ്‍ഡ് പ്രതിരോധം നന്നായി വിയർത്തു.

പിന്നാലെ ഡോർട്ട്മുണ്‍ഡിന്റെ കണ്ണീരുവീഴ്ത്തി റയലിന്റെ രണ്ടാം ഗോളുമെത്തി. ഡോർട്ട്മുണ്‍ഡിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് വിനീഷ്യസ് ജൂനിയർ ലക്ഷ്യം കണ്ടു. അതോടെ റയല്‍ ജയമുറപ്പിച്ചു. അവസാനനിമിഷം ഡോർട്ട്മുണ്‍ഡ് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു. വൈകാതെ റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതോടെ റയല്‍ ചാമ്പ്യൻസ് ലീഗ് കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ടു.

spot_img

Related Articles

Latest news