കോഴിക്കോട്: പച്ചക്കറി വാങ്ങി സംഭരിച്ച വകയില്‍ ഹോര്‍ട്ടികോര്‍പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് ലക്ഷങ്ങള്‍. കഴിഞ്ഞ ആഗസ്റ്റ് മുതല്‍വിവിധ ജില്ലകളിലെ കര്‍ഷകര്‍ നല്കിയ പച്ചക്കറികളുടെ തുകയാണ് ഹോര്‍ട്ടികോര്‍പ് കുടിശ്ശികയാക്കുന്നത്. വിലക്കുറവിലും വിളയിലും പ്രതിസന്ധിമൂലം നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനുപകരം ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ സ്ഥാപനമെന്നാണ് പരാതി.
വില ലഭ്യത ഉറപ്പുവരുത്തി കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറി സംഭരിച്ച് വിലവര്‍ധനയും പൂഴ്ത്തിവെപ്പും തടയാന്‍ സര്‍ക്കാറിനെ സഹായിച്ച കര്‍ഷകരാണ് കടക്കെണിമൂലം അടുത്ത കൃഷിക്കുള്ള തയാറെടുപ്പിനുപോലും കഴിയാതെ ശ്വാസംമുട്ടുന്നത്. ഓരോ ജില്ല കേന്ദ്രങ്ങളില്‍നിന്നും ടണ്‍കണക്കിന് പച്ചക്കറികള്‍ സംഭരിച്ചതിനാല്‍ ലക്ഷക്കണക്കിന് രൂപയാണ് സാധാരണ കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ് നല്‍കാനുള്ളത്.
കോഴിക്കോട് ജില്ലയില്‍ മാത്രം 33 ലക്ഷത്തോളം രൂപ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. പച്ചക്കറികള്‍ക്കും താങ്ങുവില സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നിലവില്‍ നേന്ത്രവാഴക്ക് മാത്രമാണത്രെ താങ്ങുവില കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. നവംബര്‍ മുതല്‍ താങ്ങുവില പ്രാബല്യത്തിലുണ്ടാകുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ടണ്‍ കണക്കിന് വാഴക്ക സംഭരിച്ചെങ്കിലും സാങ്കേതിക തകരാര്‍ മൂലം താങ്ങുവില ഡിസംബര്‍ മുതല്ക്കേ നല്‍കാനാവൂ എന്നാണേത്ര ഹോര്‍ട്ടികോര്‍പ് അധികൃതര്‍ കര്‍ഷകരെ അറിയിച്ചത്.
ഹോര്‍ട്ടികോര്‍പ് മുഖാന്തരം ന്യായവില കിട്ടുമെന്ന് കരുതി കര്‍ഷകര്‍ പൊതുവിപണിയില്‍ നല്‍കാതെ കാത്തിരിക്കുന്നതുമൂലം ടണ്‍ കണക്കിന് നേന്ത്രവാഴയും കപ്പയുമാണ് വിളവെടുക്കാന്‍ കഴിയാതെ കിടക്കുന്നത്.