മ്യൂനിച്ച്: ഫ്രാന്‍സിനെ തീര്‍ത്ത് സ്‌പെയ്ന്‍ യൂറോ കപ്പ് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്‌പെയ്‌നിന്റെ ജയം. ആദ്യ പാതിയിലായിരുന്നു മൂന്ന് ഗോളുകളും. എട്ടാം മിനിറ്റില്‍ കോളോ മുവാനിയിലൂടെ ഫ്രാന്‍സാണ് ആദ്യം മുന്നിലെത്തുന്നത്. എന്നാല്‍ 21-ാം മിനിറ്റില്‍ ലാമിന്‍ യമാല്‍ സ്‌പെയ്‌നിനെ ഒപ്പമെത്തിച്ചു. 25-ാം മിനിറ്റില്‍ ഡാനി ഓല്‍മോ സ്‌പെയ്‌നിന്റെ വിജയമുറപ്പിച്ച ഗോളും നേടി. ഗോള്‍ നേട്ടത്തോടെ യമാല്‍ യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി. 16 വയസാണ് സ്പാനിഷ് താരത്തിന്റെ പ്രായം. നെതര്‍ലന്‍ഡ്‌സ് – ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ സ്‌പെയ്ന്‍ ഫൈനലില്‍ നേരിടും.
അഞ്ചാം മിനിറ്റില്‍ ഫ്രാന്‍സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. നിക്കോ വില്യംസിന്റെ പാസ് സ്വീകരിച്ച് യമാല്‍ വലത് വിംഗില്‍ നിന്ന് നല്‍കിയ ക്രോസില്‍ ഫാബിയന്‍ റൂയിസ് തല വച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഫ്രാന്‍സ് ഇതേ രീതിയില്‍ ഗോള്‍ നേടുകയും ചെയ്തു. ഇത്തവണ ഉസ്മാന്‍ ഡെംബേലയുടെ പാസ് സ്വീകരിച്ച് കിലിയന്‍ എംബാപ്പെ ചെത്തിയിട്ട പന്ത് മുവാനി ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. പിന്നാലെ സ്‌പെയ്ന്‍ ഉണര്‍ന്നു.
അതിന്റെ ഫലായിരുന്നു യമാലിന്റെ ഗോള്‍. ഒരു മാജിക് ഗോള്‍ എന്നുതന്നെ പറയാം. ഫ്രഞ്ച് പ്രതിരോധ താരം തിയോ ഹെര്‍ണാണ്ടസിനെ കാഴ്ച്ചക്കാരനാക്കി ബോക്‌സിന് പുറത്ത് നിന്ന് യമാല്‍ തൊടുത്ത ഇടങ്കാലന്‍ ഷാന്‍ പോസ്റ്റിന്റെ ടോപ് കോര്‍ണറിലേക്ക്. യൂറോയില്‍ ചരിത്ര നിമിഷം. അടുത്ത ശനിയാഴ്ച്ച 17 വയസ് പൂര്‍ത്തിയാവുന്ന താരമാണ് യമാല്‍.
നാല് മിനിറ്റുകള്‍ക്ക് ശേഷം സ്‌പെയ്ന്‍ ലീഡെടുത്തു. ഇത്തവണ ഓല്‍മോയുടെ വക. ജീസസ് നവാസിന്റെ ക്രോസ് ഫ്രഞ്ച് പ്രതിരോധം ഒഴിവാക്കിയെങ്കില്‍ പന്ത് ഓല്‍മോയുടെ കാലില്‍. പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് ഓല്‍മോ ഷോട്ടുതിര്‍ത്തു. ജൂള്‍സ് കൂണ്ടെ അപകടം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും കാലില്‍ തട്ടി പോസ്റ്റിലേക്ക്. ആദ്യപാതിയില്‍ തുടര്‍ന്നും സ്‌പെയ്‌നിന് അവസരങ്ങള്‍ വന്നുചേര്‍ന്നു. ഫാബിയന്‍ റൂയിസിന്റേയും യമാലിന്റേയും ഓരോ ഷോട്ടുകള്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് പോസ്റ്റില്‍ കയറാതെ പോയത്
എംബാപ്പെ കളം നിറഞ്ഞ് കളിച്ചൊഴിച്ചാല്‍ ഫ്രഞ്ച് പടയ്ക്ക് രണ്ടാം പാതിയിലും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. 76-ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസ് ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 86-ാം മിനിറ്റില്‍ എംബാപ്പെയുടെ മറ്റൊരു ഷോട്ടും ലക്ഷ്യം കാണാതെ പുറത്തേക്ക്. വലിയ അവസരങ്ങളൊന്നും പിന്നീട് ഫ്രാന്‍സിനെ തേടി വന്നില്ല. ഇതോടെ എംബാപ്പെയും സംഘവും പുറത്തേക്ക്