തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസെന്ന് മുരളീധരന്‍; ‘മലബാറില്‍ സീറ്റില്ലെങ്കില്‍ ഭരണം കിട്ടില്ല’

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നേറ്റ തോല്‍വിയില്‍ നേതൃത്വത്തെ കടന്നാക്രമിച്ച്‌ വീണ്ടും കെ മുരളീധരന്‍.

തൃശൂരില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണെന്നും നട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ തന്നോട് കയറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘തൃശൂരില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. നട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ കയറാന്‍ എന്നോട് ആവശ്യപ്പെട്ടു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അടക്കമുള്ളവര്‍ ആയിരുന്നു അതിന്റെ മുന്‍പന്തിയില്‍ നിന്നത്’, എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. പ്രവീണ്‍ കുമാറിനെ വേദിയിലിരുത്തിയായിരുന്നു മുരളീധരന്റെ പ്രതികരണം.

ജയിക്കുമെന്ന് പറഞ്ഞാണ് അങ്ങോട്ടേക്ക് അയച്ചത് എന്നും എന്നാല്‍ അവിടെ ചെന്നപ്പോള്‍ വണ്ടിക്ക് നട്ടും ബോള്‍ട്ടുമില്ലായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വലിയ പ്രതീക്ഷയില്ലെന്നും ഇത് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസാണെന്നും മുരളി പറഞ്ഞു. തൃശൂരിലെ ബിജെപിയുടെ വോട്ടു ചേര്‍ക്കല്‍ പോലും കോണ്‍ഗ്രസ് വിദ്വാന്മാര്‍ അറിഞ്ഞിട്ടില്ല എന്നും അദ്ദേഹം പരിഹസിച്ചു.

തൃശൂരില്‍ ബിജെപി 56000 പുതിയ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാമവധി സീറ്റ് കോഴിക്കോട് നിന്ന് നേടണം എന്നും തൃശൂരില്‍ തനിക്ക് അത്ര പ്രതീക്ഷയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മലബാറില്‍ നിന്ന് മാക്സിമം സീറ്റ് ലഭിച്ചാലെ കേരളം ഭരിക്കാന്‍ പറ്റൂ എന്നും അല്ലാതെ പിണറായിക്കെതിരായ വികാരം ഉണ്ടെന്ന് പറഞ്ഞ് ഇരുന്നാല്‍ നടക്കില്ല എന്നും മുരളീധരന്‍ പറഞ്ഞു.

‘പണ്ട് ഭരണവിരുദ്ധ വികാരത്തിന്റെ പങ്കുപറ്റാന്‍ നമ്മള്‍ മാത്രമെയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ബിജെപിയും ഉണ്ട്”- മുരളീധരന്‍ ഓര്‍മിപ്പിച്ചു. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോണ്‍ഗ്രസിലില്ല. മുന്‍പൊക്കെ ഒരു തിരഞ്ഞെടുപ്പ് പൊതുയോഗത്തിന് കെ കരുണാകരന്‍, എകെ ആന്റണി, ഉമ്മന്‍ചാണ്ടി ഇവര്‍ മതിയാകുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്. ഒന്നിച്ചു നില്‍ക്കേണ്ട കാലമായതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ ബിജെപി സിപിഎം ധാരണ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അതിന്റെ സത്യം അറിയാമെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂരിലെ തോല്‍വിയെ തുടര്‍ന്ന് മുരളീധരന്‍ നീരസത്തിലാണ്.

വടകരയിലെ സിറ്റിംഗ് സീറ്റില്‍ നിന്നാണ് മുരളിയെ തൃശൂരിലേക്ക് പാര്‍ട്ടി മാറ്റിയത്. എന്നാല്‍ സുരേഷ് ഗോപി ജയിച്ച മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് മുരളീധരന്‍ പിന്തള്ളപ്പെടുകയായിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുമെന്ന് വരെ മുരളി പ്രഖ്യാപിച്ചിരുന്നു.

spot_img

Related Articles

Latest news