കാരശ്ശേരി: ‘രഘുപതി രാഘവ…’ ഗാനം നിലയ്ക്കാതെ ആലപിച്ചു കൊണ്ടിരിക്കുന്നു. സബർമതിക്ക് സമാനമായ രീതിയിൽ അലങ്കരിച്ച ആശ്രമത്തിനു പുറത്ത് വിദ്യാർത്ഥികൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. കാത്തിരിപ്പിന് വിരാമം കുറിച്ച് ഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും രൂപത്തിൽ വേഷപ്രഛന്നരായി രണ്ടു പേരും ഇറങ്ങി വരുന്നു. പിന്നാലെ ദണ്ഡി യാത്രയെ അനുഗമിക്കുന്നവരും. കുട്ടികൾ കരഘോഷം മുഴക്കി എതിരേറ്റു. വഴിയരികിൽ പുഷ്പാർച്ചന നടത്താൻ വിദ്യാർത്ഥികൾ കാത്തിരുന്നു. അങ്ങാടികളിൽ കണ്ടു നിന്ന നാട്ടുകാരും കൈ പിടിച്ച് അഭിനന്ദിക്കാനും സ്വീകരണം നൽകാനും മടിച്ചില്ല.കാരശ്ശേരി എച്ച്.എൻ.സി.കെ.എം എയുപി സ്കൂൾ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഗാന്ധി ജയന്തിയോടനുബന്ധിച്ച് കൗതുകക്കാഴ്ചയൊരുക്കിയത്. സബർമതി ആശ്രമത്തിന്റെ രൂപത്തിൽ അലങ്കരിച്ച മുറിയിൽ ഗാന്ധി സ്മരണയുണർത്തുന്ന സ്ലോകങ്ങളും , ജീവിത വഴികളും , ഗ്രന്ഥങ്ങളും പ്രദർശിപ്പിച്ചു. പി ടി എ പ്രസിഡണ്ട് വി.പി. ഷിഹാബ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർഎൻ.എ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. റാഷിദ.പി, ഷാഹിർ പി യു , റിഷിന , ഷഫ്ന .കെ.ടി, ആത്മ ജിത തുടങ്ങിയവർ നേതൃത്വം നൽകി