ഹരിയാന ഫലം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്; ഇവിഎമ്മില്‍ കൃത്രിമം നടന്നുവെന്ന് ആരോപണം

ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഹരിയാനയില്‍ പിന്തള്ളപ്പെട്ടതോടെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോണ്‍ഗ്രസ്. ഇവിഎമ്മുകളില്‍ കൃത്രിമം നടന്നെന്നും ഫലം അട്ടിമറിച്ചെന്നുമാണ് കോണ്‍ഗ്രസ് ആരോപണം.തീര്‍ത്തും ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമാണ് ഈ ഫലമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്‌ പറഞ്ഞു.

ഹരിയാനയെ ചൊല്ലി തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഹരിയാന ഫലം പതുക്കെയാണ് പ്രഖ്യാപിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒരിക്കലും തോല്‍ക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്ത് പോലും പരാജയപ്പെട്ടുവെന്ന് ജയറാം രമേശും പവന്‍ ഖേരയും ആരോപിച്ചു. അവസാന സൂചനകള്‍ പ്രകാരം ഹരിയാനയില്‍ആകെയുള്ള 90 സീറ്റില്‍ ബിജെപി 48 സീറ്റും കോണ്‍ഗ്രസ് 37 സീറ്റുമാണ് നേടിയത്.

“തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കും. ഞങ്ങളുടെ സ്ഥാനാര്‍ഥികളില്‍ പലരും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഹരിയാനയിലെ ജനവിധിയല്ല ഇത്. അവരുടെ ആഗ്രഹങ്ങള്‍ക്കെതിരെയുള്ളതാണിത്.”- ജയറാം രമേശ്‌ പറഞ്ഞു. “ഹരിയാനയിലെ ഫലം തീര്‍ത്തും അസ്വീകാര്യമാണ്. ഹിസാർ, മഹേന്ദ്രഗഡ്, പാനിപ്പത്ത് എന്നിവിടങ്ങളില്‍ നിന്ന് ഇവിഎമ്മുകളെക്കുറിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികള്‍ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നല്‍കിയിട്ടുണ്ട്, എന്നാല്‍ ഈ പരാതികളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.” കോണ്‍ഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.

വോട്ടെണ്ണലില്‍ ആദ്യഫല സൂചനകള്‍ വന്നതോടെ ഡല്‍ഹിയിലെയും ചണ്ഡീഗഢിലെയും കോണ്‍ഗ്രസ് ഓഫീസുകളില്‍ ആഘോഷങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍, ബിജെപി തിരിച്ചുവന്ന് നിർണായക ലീഡ് നേടി. ഈ ലീഡ് അവസാനം വരെ നിലനിര്‍ത്തുകയും ചെയ്തു.

spot_img

Related Articles

Latest news