കോഴിക്കോട്: അപകടത്തില്‍പ്പെട്ട കെഎസ്‌ആർടിസി ബസ്സിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് സമ്മതിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ.എല്ലാ വണ്ടികള്‍ക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തികമില്ലെന്നും അങ്ങനെ എടുക്കേണ്ടതില്ലെന്ന് കോടതിയും പറഞ്ഞിരുന്നുവെന്നും മന്ത്രി ഇന്ന് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ബസ്സിന് ഇൻഷുറൻസ് ഇല്ലെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
കുറേ വണ്ടികള്‍ക്ക് ഇൻഷുറൻസ് ഉണ്ട്. എന്നാല്‍ എല്ലാ വണ്ടികള്‍ക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തികം ഇപ്പോഴില്ല. അങ്ങനെ എടുക്കേണ്ടതില്ലെന്നും കോടതി പറഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ട വണ്ടിക്ക് ഇൻഷുറൻസ് ഇല്ലെന്നത് സത്യമാണ്. വണ്ടിക്ക് മറ്റ് തകരാറുകളില്ല. ഫിറ്റ്സസ് ഉണ്ട്. ബൈക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് താഴേക്ക് പോയതാണന്നാണ് പ്രാഥമിക റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ ഒമ്പതിനാണ് തിരുവമ്പാടിയില്‍ കെഎസ്‌ആർടിസി ബസ്സ് പുഴയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേർ മരിച്ചിരുന്നു. ആനക്കാംപൊയില്‍ സ്വദേശികളായ കമല, ത്രേസ്യാമ മാത്യു എന്നിവരാണ് മരിച്ചത്. തിരുവമ്പാടിയില്‍ നിന്ന് ആനക്കാം പൊയിലേക്ക് പോകുകയായിരുന്ന ബസ് കലിങ്കില്‍ ഇടിച്ച് പുഴയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. 40 ഓളം പേർ ബസ്സില്‍ ഉണ്ടായിരുന്നു.